യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയെ ചൊല്ലി ഐ ഗ്രൂപ്പിന് അമർഷം. അബിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ചെന്നിത്തലയെയും ഗ്രൂപ്പിൻ്റെ താല്‍പര്യത്തെയും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ നേതൃത്വത്തിൻ്റെ നടപടിയിലാണ് ഗ്രൂപ്പിൽ അമർഷം പുകയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനായ അബിനെ ദേശീയ സെക്രട്ടറിയാക്കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിർത്താനാണെന്നാണ് ഗ്രൂപ്പിൻ്റെ വിലയിരുത്തല്‍. ഇതിന് പിന്നില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണെന്നും ഗ്രൂപ്പ് സംശയിക്കുന്നു. അതുകൊണ്ട് തന്നെയാണ് വിഷയത്തില്‍ ഗ്രൂപ്പ് നേതൃത്വം ഹൈക്കമാൻ്റിന് പരാതി നല്‍കിയിട്ടുള്ളത്.
ഇതിനിടെ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിക്കുന്ന കോണ്‍ഗ്രസിൻ്റെ വിശ്വാസ സംരക്ഷണ റാലിയിലേക്ക് അബിൻ എത്തിയതും പാർട്ടിക്കുള്ളില്‍ ചർച്ചയായിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പകരക്കാരനാവാൻ അബിനും ഗ്രൂപ്പ് നേതൃത്വവും നടത്തിയ ശ്രമങ്ങള്‍ അതിരുകടന്നുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു. രാഹുലിനെതിരായ വിഷയം ആളിക്കത്തിക്കാൻ എണ്ണ പകർന്നതിന് പിന്നില്‍ ഐ ഗ്രൂപ്പും അബിനുമുണ്ടെന്നാണ് രാഹുല്‍ – ഷാഫി പക്ഷങ്ങളുടെ ആരോപണം. ഇതിന് പുറമേ നിലവില്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത ഒ.ജെ ജനീഷിനെ താറടിക്കുന്ന തരത്തില്‍ തൃശ്ശൂരിലെ ഒരു ഡി.സി.സി അംഗം നല്‍കിയ പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് പിന്നിലും ഐ ഗ്രൂപ്പിലെ ചിലരെ നേതൃത്വത്തിന് സംശയമുണ്ട്. അബിൻ ഇത്തവണയും അദ്ധ്യക്ഷ സ്ഥാനത്ത് എത്താഞ്ഞതിന് പിന്നിലെ പല കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം തൻ്റെ അതൃപ്തി മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പൊതിഞ്ഞ് പ്രകടിപ്പിച്ചെങ്കിലും കെ.പി.സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇത് മുഖവിലയ്ക്കെടുക്കാൻ തയ്യാറായില്ല.അബിൻ്റെ പരസ്യ പ്രതിഷേധത്തില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. മൂക്കാതെ പഴുത്ത ചിലർ ചില സ്ഥാനങ്ങളില്‍ എത്തിയതാണ് നിലവിലെ പ്രശ്നങ്ങളുടെ മൂല കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ വിഷയങ്ങളെപ്പറ്റി ഒരു മുതിർന്ന നേതാവ് വ്യക്തമാക്കിയത്.അവരവർ അർഹിക്കാത്ത സ്ഥാനം പാർട്ടി ചിലർക്ക് നല്‍കുന്നതാണ് കാലാകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കാൻ കാരണമെന്നും രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കുന്നു.
അബിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്ത് വന്നെങ്കിലും മാധ്യമങ്ങള്‍ക്ക് മുമ്ബിലുള്ള അബിൻ്റെ പ്രതികരണം അപക്വമായെന്ന വിലയിരുത്തലാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്.എന്നാല്‍ കെ.സി വേണുഗോപാലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുമാണ് ഇതിൻ്റെ പിന്നിലെ സൂത്രധാരർ എന്നും ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ലെന്നുമാണ് ഐ ഗ്രൂപ്പിൻ്റെ തീരുമാനം. അതിനാൽ തന്നെ പാർട്ടികളിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ഐ ഗ്രൂപ്പ് നീക്കം. ഭാവിയിലെങ്കിലും ഇത്തരം വെട്ടിനിരത്തലുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും എന്ന് അവർ വിശ്വസിക്കുന്നു.

















