മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ് നടത്തിയതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. സെപ്‌തംബർ 22ന് ലോഞ്ച് ചെയ്‌ത വിക്‌ടോറിസിന് 25,000ലധികം ബുക്കിംഗുകളാണ് ലഭിച്ചത്. ഇതുവരെ 4261 യൂണിറ്റുകള്‍ മാരുതി വിറ്റഴിച്ചുകഴിഞ്ഞു.
സെലെറിയോ, എസ്‌പ്രസോ, ഇഗ്നിസ്, എക്‌സ്‌എല്‍6, ജിമിനി,ഇൻവിക്‌ടോ എന്നീ മറ്റ് മാരുതി മോഡലുകളെക്കാള്‍ വിക്‌ടോറിസ് വില്‍പനയില്‍ മുന്നിലെത്തി. മാരുതി ഗ്രാൻഡ് വിറ്റാര, ഹ്യൂണ്ടായ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ടയുടെ ഹൈറൈഡർ എന്നിവയാണ് മാർക്കറ്റില്‍ വിക്‌ടോറിസിന്റെ എതിരാളികള്‍. പ്രാരംഭവില 10.50 ലക്ഷം രൂപയാണ്.
ഗ്‌ളോബല്‍ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് വിക്‌ടോറിസ് സ്വന്തമാക്കിയത്. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിംഗിലും ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് വിക്‌ടോറിസ് നേടിയിരുന്നു. ഈ സെഗ്‌മെന്റില്‍ ഒരു കാർ നോക്കുന്നവർക്ക് വിക്‌ടോറിസ് ഡബിള്‍ ഓക്കെയെന്ന് അർത്ഥം.മുതിർന്നവരുടെ സുരക്ഷ നോക്കിയാല്‍ 34ല്‍ 33.72 പോയിന്റും, കുട്ടികളുടെ സുരക്ഷയില്‍ 49 പോയിന്റില്‍ 41ഉം വിക്‌ടോറിസ് നേടിക്കഴിഞ്ഞു. നേർക്കുനേർ സുരക്ഷ പരിശോധിക്കുന്ന ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഡിഫോർമബിള്‍ ബാരിയർ ടെസ്റ്റില്‍ ഡ്രൈവർക്ക് മികച്ച സുരക്ഷ തന്നെ നല്‍കും. വശങ്ങളില്‍ നിന്നുള്ള സുരക്ഷ നോക്കിയാല്‍ സൈഡ് പോള്‍ ഇംപാക്‌ട് ടെസ്റ്റിലും സൈഡ് മൂവബിള്‍ ഡിഫോർമബിള്‍ ബാരിയർ ടെസ്റ്റിലും ഡ്രൈവർക്ക് നല്ല സുരക്ഷ ഈ മിഡ് സൈസ് എസ്യുവി നല്‍കുന്നുണ്ട്.
ആറ് എയർബാഗുകളും ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോളും ഹില്‍ ഹോള്‍ഡ് അസിസ്റ്റും ചൈല്‍ഡ് സീറ്റ് ആങ്കറുകളും മൂന്ന് പോയിന്റ് സീറ്റുബെല്‍റ്റുകള്‍ ഓർമ്മപ്പെടുത്തലും ഇബിഡിയുള്ള എബിഎസും അങ്ങനെ നിരവധി പ്രത്യേകതകളുള്ള 27 വകഭേദങ്ങള്‍ വിക്‌ടോറിസിനുണ്ട്. 10 കളർ ഓപ്ഷനുമുണ്ട്. ഏഴെണ്ണം മോണോ ടോണ്‍ കളർ ഓപ്ഷനും മൂന്നെണ്ണം ഡ്യുവല്‍ ടോണ്‍ കളർ ഓപ്ഷനുമാണ്.
മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ഫൈവ്സീറ്റർ എസ്യുവിയുടെ മാനുവല്‍ വേരിയന്റിന് കമ്ബനി 21.18 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. ഓട്ടോമാറ്റിക്കിന് 21.06 ആണ് മൈലേജ്. ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റ് 19.07ആണ് മൈലേജ് നല്‍കുക. എന്നാല്‍ സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 27.02 മൈലേജ് ലഭിക്കും. നിലവില്‍ മാരുതിയുടെ ഗ്രാൻഡ് വിറ്റാരയ്ക്ക് 4345 മില്ലിമീറ്റർ നീളമുണ്ടെങ്കില്‍ വിക്ടോറിസിന് അല്‍പം വലിപ്പം കൂടും 4360 ആണ് നീളം





