ആതുരസേവന മേഖലയെ വീണ്ടും ആശങ്കയിലാക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം താമരശേരി താലൂക്ക് ആശുപത്രിയില്‍ സംഭവിച്ചത്. അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സനൂപ് ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോക്ടർ പി ടി വിപിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് വിപിൻ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിനുപിന്നാലെ സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡോക്ടർക്കുളള വെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. സനൂപിന്റെ ഈ വാക്കുകള്‍ ഡോക്ടർമാരടങ്ങുന്ന ആരോഗ്യമേഖലയെ സങ്കീർണതയിലാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഡോ. പി സരിന്റെ ഭാര്യയും ശിശുരോഗവിദഗ്ദയുമായ ഡോ. സൗമ്യ സരിൻ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചു.
സ്വന്തം നാട്ടില്‍ വന്ന് പണിയെടുക്കണമെന്ന മോഹം ഉപേക്ഷിക്കണോയെന്ന ചിന്തയിലാണെന്നാണ് അവർ പോസ്റ്റില്‍ കുറിച്ചത്.രോഗിയെ കാണുമ്ബോള്‍ തന്നെ അസുഖം പ്രവചിക്കാൻ ഡോക്ടർമാരെല്ലാം കണിയാൻമാരല്ലെന്നും സൗമ്യ പോസ്റ്റില്‍ വ്യക്തമാക്കി. പഠനത്തില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്ന കുട്ടികളാണ് പണ്ടൊക്കെ നല്ല സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചു ഡോക്ടർമാർ ആയിരുന്നതെന്നും ഇനി അങ്ങനെ ഉള്ള ഒരു മിടുക്കന്മാരും മിടുക്കികളും ഈ പണിക്ക് വരില്ലെന്നുറപ്പാണെന്നും സൗമ്യ പറയുന്നു.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്യുന്നത് ഷാർജയില്‍ ആണ്. നല്ലൊരു ആശുപത്രിയില്‍ ജോലി കിട്ടി ഇങ്ങോട്ട് വരുമ്ബോള്‍ വളരെ കുറച്ചു കാലത്തെ വേറിട്ട ഒരു അനുഭവം സമ്ബാദിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. ഒന്നോ രണ്ടോ കൊല്ലം കൂടി കഴിഞ്ഞാല്‍ തിരിച്ചു വരണം എന്ന ആഗ്രഹവുമായാണ് ജീവിച്ചത്. ഇന്നലെ വരെ. തിരിച്ചു സ്വന്തം നാട്ടില്‍ വന്നു പണിയെടുക്കണം എന്ന ആഗ്രഹം ആണ് ഇന്നലെ വരെയും എന്നേ മുന്നോട്ട് നയിച്ചത്.പക്ഷെ ഇപ്പൊ ഞാൻ ആ മോഹം ഉപേക്ഷിക്കണോ എന്നാണ് ആലോചിക്കുന്നത്. ഞാൻ വന്നാലും ഇല്ലെങ്കിലും കേരളത്തില്‍ ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. പക്ഷെ വന്നാല്‍ എന്റെ കുടുംബത്തിന് ചിലപ്പോള്‍ എന്നേ നഷ്ടപെട്ടാലോ എന്ന് ഞാൻ ഭയപ്പെടുന്നുണ്ട്. ഡോക്ടറേ വെട്ടിയ വാർത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോടാണ്.എല്ലാ മരണങ്ങളും തടയാൻ ഡോക്ടർമാർ ദൈവങ്ങള്‍ അല്ല. എത്ര ശ്രമിച്ചാലും ചില ജീവനുകള്‍ ഞങ്ങളുടെ കയ്യില്‍ നിന്നും വഴുതിപോകും. ആ മരണങ്ങള്‍ എല്ലാം ഞങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. ഞങ്ങളും മനുഷ്യർ ആണ്!പനിയും ശർദിയും അപസ്മാരവും ഉള്ള കുട്ടി മരണപെടാൻ അമീബിക് മസ്തിഷ്ക്ക ജ്വരം തന്നെ വേണം എന്നില്ല! തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ഏതൊരു അണുബാധയുടെയും ലക്ഷണങ്ങള്‍ ഇത് തന്നെയാണ്. കുട്ടിക്ക് പ്രാഥമിക ചികിത്സക്ക് നല്‍കിയിട്ടുണ്ട്. അപസ്മാരം കണ്ടപ്പോള്‍ തന്നെ അപകടം മനസിലാക്കി കുട്ടിയെ റെഫർ ചെയ്തിട്ടുമുണ്ട്.
കാണുമ്ബോള്‍ തന്നെ അസുഖം പ്രവചിക്കാൻ ഞങ്ങള്‍ ആരും കണിയാന്മാരും അല്ല.ഇന്ന് ആ ഡോക്ടർക്ക് കിട്ടിയ അക്രമത്തില്‍ ” ആഘോഷിക്കുന്ന ” ഓരോരുത്തരും ഒരു കാര്യം ഓർത്തു വച്ചോളൂ. നിങ്ങള്‍ കുത്തുന്നത് നിങ്ങളുടെ സ്വന്തം കുഴികള്‍ തന്നെയാണ്.പഠനത്തില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്ന കുട്ടികളാണ് പണ്ടൊക്കെ നല്ല സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചു ഡോക്ടർമാർ ആയിരുന്നത്. ഇനി അങ്ങനെ ഉള്ള ഒരു മിടുക്കന്മാരും മിടുക്കികളും ഈ പണിക്ക് വരില്ല എന്നുറപ്പ്. സ്വന്തം ജീവിതത്തിന്റെ നല്ല വർഷങ്ങള്‍ മുഴുവൻ പഠിച്ചു പഠിച്ചു അവസാനം ഇതുപോലെ ഏതെങ്കിലും ഭ്രാന്തന്റെ കത്തിമുനയില്‍ ഒടുങ്ങാൻ ഒരു മിടുക്കന്മാരും ഇനി തയ്യാറാവില്ല.
സാവധാനം ഈ ജോലി എടുക്കുന്ന ആളുകളുടെ മികവ് കുറയും. സർക്കാർ മേഖലയില്‍ പ്രവർത്തിക്കാൻ ഡോക്ടർമാരെ കിട്ടാതെ ആകും. മിടുക്കിന്റെ മികവില്‍ വന്നവർക്ക് പകരം പണത്തിന്റെ മികവില്‍ പഠിച്ചവരും അർഹത ഇല്ലാത്തവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ഇവിടെ നിറയും. ചികിത്സയുടെ ഗുണവും അതു പോലെ ആവും!ആരാണ് അനുഭവിക്കാൻ പോകുന്നത്? നിങ്ങള്‍ തന്നെ! നിങ്ങള്‍ ഓരോരുത്തരും തന്നെ! മിടുക്കരായ ഡോക്ടർ ആവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ മറു രാജ്യങ്ങളില്‍ പോയി പഠിക്കും. അവിടെ തന്നെ ജോലി നേടും. അവിടെ തന്നെ സെറ്റില്‍ ചെയ്യും! ആരാണ് അനുഭവിക്കാൻ പോകുന്നത്? നിങ്ങള്‍ തന്നെ! നിങ്ങള്‍ ഓരോരുത്തരും തന്നെ!
എനിക്ക് എന്തായാലും ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട്.എന്റെ പാപ്പു ഡോക്ടർ ആവണ്ട എന്ന് മുന്നേ സ്വയം തീരുമാനിച്ച ഒരാള്‍ ആയതില്‍. ഡോക്ടർ ആവാൻ മോഹിച്ചു എന്നോട് ഉപദേശം തേടി വന്ന ഓരോ കുട്ടികളോടും അവരുടെ അച്ഛനമ്മമാരോടും ഞാൻ അത്രയും ആത്മാർത്ഥതയോടെ പറയാറുണ്ട്. ഈ ജോലി എന്നത് പുറമെ കാണുന്ന പളപളപ്പ് അല്ല എന്ന്. ഇതില്‍ ഉള്ളത് കണ്ണീരും കഷ്ടപ്പാടും ആണെന്ന്. അതുകൊണ്ട് യാഥാർത്ഥ്യം മനസിലാക്കി മാത്രം ഒരു ഡോക്ടർ ആവാൻ തീരുമാനിക്കണം എന്ന്. അവരില്‍ പലർക്കും അന്ന് എന്നോട് മുഷിപ്പ് തോന്നിയിട്ടുണ്ടാകാം. പക്ഷെ ഇന്ന് അവർ മനസില്‍ എന്നോട് നന്ദി പറയുന്നുണ്ടാകും. ഉറപ്പ്!

















