ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഗുരുതരമായ കണ്ടെത്തലുകള്‍. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ കട്ടിളയും ചെമ്ബ് എന്ന് രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് വിവരം.ഇത് സംബന്ധിച്ച രേഖകള്‍ പുറത്തായി.2019 മേയ് 18ന് തയാറാക്കിയ രേഖയാണിത്. അന്നത്തെ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ ആണ് മഹസർ തയ്യാറാക്കിയത്. ബി.മുരാരി ബാബു അടക്കം 8 പേരാണ് ഇതില്‍ ഒപ്പ് വച്ചിരിക്കുന്നത്.
നാലേ കാല്‍ കിലോയോളം തൂക്കം വരുന്ന സ്വർണ്ണം പൊതിഞ്ഞ പാളികളാണ് ചെമ്ബെന്ന് പറഞ്ഞ് കൊണ്ടുപോയത്. ഉദ്യോഗസ്ഥർ ഇതിനായി കൂട്ടുനിന്നുവെന്ന് തെളിയിക്കുന്നതാണ് മഹസർ രേഖകള്‍.അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ മുരാരി ബാബു പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ദ്വാരപാലക ശില്‍പ്പം സ്വർണ്ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ശില്‍പ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങോട്ട് ചോദിച്ചതിൻ്റെ മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വാരപാലക ശില്‍പ്പത്തില്‍ ഇത്തവണ സ്വർണ്ണം പൂശിയതിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തല്‍. നിലവിലുള്ള സ്വർണ്ണ കോട്ടിങിലാക്കി വീണ്ടും ചെയ്യാൻ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ല എന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തല്‍ എട്ട് ദിവസത്തിനുള്ളില്‍ തിരുത്തിയതായി കണ്ടെത്തി. സന്നിധാനത്ത് വച്ച് പരമ്ബരാഗത രീതിയില്‍ സ്വർണ്ണം പൂശാമെന്ന ഉത്തരവാണ് തിരുത്തിയത്. ദുരൂഹമായി പിൻവലിച്ചിരിക്കുന്നത് 2025 ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് നല്‍കിയ ഇമെയില്‍ ആണ്. ഈ മലക്കം മറിച്ചില്‍ ഉണ്ടായത് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ്.

















