അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് സാധ്യത തെളിയുന്നത്.സാഹസിക ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി അധികൃതർക്ക് റിപ്പോർട്ട് ചെയ്തു.

കല്ലുമലയിവാണ് അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ട് ടൂറിസം വകുപ്പിന് കൈമാറും.ടൂറിസം വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദഗ്ധ സംഘം മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ പ്രദേശം സന്ദർശിച്ച്‌ സാഹസിക വിനോദ പദ്ധതികള്‍ നടപ്പാക്കുവാൻ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്.ഇവിടെ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കുവാനാവുക എന്നതു സംബന്ധിച്ച്‌ വിശദ പഠനം കൂടി ഉടൻ നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാണി സി കാപ്പൻ എംഎൽഎ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും, സംസ്ഥാന സർക്കാരിനും നല്‍കിയ നിവേദനങ്ങളും പരിഗണിച്ചാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇലവീഴാപൂഞ്ചിറയുടെ നയന മനോഹര കാഴ്ച്ചകള്‍ സമ്മാനിക്കുന്ന മുനിയറ യിലേയ്ക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കനാൻ നാട് ജങ്ങ്ഷനിലെ തോടിന് കുറുകെ പാലവും ചെക് ഡാമും നിർമ്മിക്കും. പൂഞ്ചിറ മേഖലയുടെ വശ്യസുന്ദര കാഴ്ച്ചകള്‍ കാണാൻ ബസില്‍ പോകാൻ സൗകര്യം കൂടി ഏർപ്പെടുത്തുകയാണ്. കെ.എസ്.ആർ.ടി.സി കോട്ടയം – പാലാ- ഈരാറ്റുപേട്ട – മേലുകാവുമറ്റം – കാഞ്ഞിരംകല, – മേലുകാവ് – പെരിങ്ങാലി – കനാൻതോട്, പൂഞ്ചിറ – ചക്കി കാവ് -കൂവപ്പിള്ളി മൂലമറ്റം വഴിയാണ് പുതിയ റൂട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന മേലുകാവ് പഞ്ചായത്ത് പാലാമണ്ഡലത്തിൻ്റെ ഭാഗമായതോടെയാണ് ഇവിടേയ്ക്ക് റോഡ് നിർമ്മിച്ച്‌ സഞ്ചാരികള്‍ക്ക് വഴിതെളിച്ചത്.ആഭ്യന്തര പ്രാദേശിക ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത പാലാ ഗ്രീൻ ടൂറിസം പദ്ധതി വഴിയാണ് ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടുന്ന മീനച്ചിലിൻ്റെ എവറസ്റ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയത്.ഇവിടങ്ങളില്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകുമെന്നുള്ള പ്രഖ്യാപനത്തെയും നടപടികളെയും സഞ്ചാരികള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എംഎൽഎയായ ആദ്യ നാൾ മുതൽ മാണി സി കാപ്പൻ നടത്തിയ ശ്രമങ്ങളുടെ സാക്ഷാത്കാരമാണ് ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിലൂടെ സംഭവിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക