പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തി പടരുന്നത്. അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്‌എസിന്‍റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസമാണു പ്രകടിപ്പിച്ചിരുന്നത്. ഹിന്ദു വിഭാഗത്തിലെ പ്രബലമായ രണ്ടു സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ചതോടെ മൂന്നാം പിണറായി സർക്കാർ ഉറപ്പിച്ച മട്ടിയാലിരുന്നു ഇടതുകേന്ദ്രങ്ങള്‍. എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വരെ ഇത് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു.
അയ്യപ്പസംഗമത്തെ തുറന്ന് എതിർത്ത യുഡിഎഫ് ആകട്ടേ ഭരണത്തിന്‍റെ അവസാനനാളുകളില്‍ നടത്തിയ സംഗമത്തിനു രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമേയുള്ളൂ എന്ന് ആരോപിച്ചിരുന്നു. ബിജെപിയാകട്ടേ പന്തളത്തു നടത്തിയ ബദല്‍ സംഗമത്തിനു പിന്തുണ നല്‍കി രംഗത്തു നിന്നു. എങ്കിലും അയ്യപ്പസംഗമം പൊതുവേ സർക്കാരിനും ഇടതുപക്ഷത്തിനും ഗുണം ചെയ്തു എന്ന അഭിപ്രായമാണ് നിലനിന്നത്.ഇതിനിടെയാണ് ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ അപ്രത്യക്ഷമായ വാർത്ത പുറത്തു വന്നത്. ഈ വിവാദത്തില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കാനാണ് സർക്കാർ തുടക്കം മുതല്‍ ശ്രമിച്ചു വന്നത്.
എന്നാല്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്ന വിവരങ്ങള്‍ സർക്കാരിനെയും വെട്ടിലാക്കുകയാണ്. ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിക്കൊണ്ട് ഹൈക്കോടതിയും കർക്കശമായ ഇടപെടല്‍ നടത്തുകയാണ്. ഇതു സംബന്ധിച്ച വിവാദം ഉടൻ കെട്ടടങ്ങില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്.പ്രതിപക്ഷം അതിശക്തമായ നിലപാടിലാണ്. നിയമസഭയ്ക്കുള്ളിലെ പതിവു പ്രതിഷേധരീതിയില്‍നിന്നു വ്യതിചലിച്ചു കൊണ്ട് കടുത്ത മുറ സ്വീകരിച്ചത് അതിന് ഉദാഹരണമാണ്.
ചോദ്യോത്തരവേള മുതല്‍ സഭ തടപ്പെടുത്തുന്ന സമരമുറ അവർ സമീപകാലത്തു സ്വീകരിച്ചിട്ടില്ല. പിണറായി സർക്കാരില്‍ കരുത്തനായ ദേവസ്വംമന്ത്രിയുടെ രാജിയാണ് അവർ ആവശ്യപ്പെടുന്നത്.ഇന്നലെ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിലും ഇന്നു നടക്കാനിരിക്കുന്ന യുഡിഎഫ് നേതൃയോഗത്തിലും പ്രധാന ചർച്ച ശബരിമല തന്നെയാണ്.
സമരം കടുപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം. ബിജെപിയും പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് അവർ ക്ലിഫ് ഹൗസ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.തദ്ദേശതെരഞ്ഞെടുപ്പിലേക്കു കേരളം നടന്നടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം വരും. ഇതിനിടയിലാണ് ഇങ്ങനെയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടതും പുതിയ മാനങ്ങളിലേക്കു വഴിമാറിക്കൊണ്ടിരിക്കുന്നതും.

















