ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശബരിമലയില്‍ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തില്‍ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലന്‍സിന്‍റെ നിര്‍ണായക കണ്ടെത്തല്‍. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വര്‍ണം പൊതിയാൻ കൊണ്ടുപോയത്. ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശില്‍പ്പത്തില്‍ പൊതിഞ്ഞതെന്നും എന്നാല്‍, ഉണ്ണികൃഷ്ണൻ പോറ്റി തിരിച്ച് എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വര്‍ണം മാത്രമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. വിജയ് മല്യ സ്വര്‍ണമാണ് പൊതിഞ്ഞതെന്നും എട്ട് സൈഡ് പാളികളിലായി നാലു കിലോയാണ് പൊതിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ രണ്ട് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നല്‍കിയിരുന്നു. നല്‍കിയ ആ പാളികളില്‍ എത്രസ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ണായകമായി ഇമെയിൽ സന്ദേശം:
ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാറിന് അയച്ച ഇമെയില്‍ സന്ദേശമാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശില്‍പ്പങ്ങളുടെ വിവരം ചോദിച്ച് ഇമെയില്‍ അയച്ചു. മെയില്‍ അയച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ദ്വാരപാലക ശില്‍പം കൈമാറിയെന്നും ഈ സന്ദേശത്തില്‍ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. അതേസമയം, വിജിലന്‍സ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ശബരിമലയിലെ സ്വർണ്ണപാളി വിവാദം അന്വേഷണത്തിനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. എഡിജിപി എച്ച് വെങ്കടേശിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ചുപേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.

















