ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പോലീസ് ഉദ്യോസ്ഥർ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
തട്ടിപ്പുകള്‍ക്ക് ഈ ചിത്രങ്ങളും ബന്ധങ്ങളും ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് വളപ്പിലുള്ള ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചിത്രവും പുറത്ത് വന്നതിലുണ്ട്. ഉന്നതർക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനായി ഇയാള്‍ പ്രത്യേക സന്ദർഭമൊരുക്കിയിരുന്നുവെന്നാണ് വിവരം.
ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വർണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോയത് പണപ്പിരിവിനുവേണ്ടിയാണെന്നും വിജിലൻസിന്റെ സംശയമുണ്ട്. നടൻ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും സ്വർണപ്പാളി എത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

















