ശശി തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ ഉറച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ അടക്കം തരൂര്‍ വരും നാളുകളില്‍ സജീവമാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് അനുവദിച്ച പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ തുടരും. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ വീണ്ടും നിര്‍ദ്ദേശിച്ച്‌ സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി.

കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂരിനെ കോണ്‍ഗ്രസ് നിയോഗിച്ചത്. ഉപഭോക്തൃകാര്യ – ഭക്ഷ്യ – പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും. ഓപ്പറേഷന്‍ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു. എന്നാല്‍ തരൂരിനെ വിട്ടുകളയരുതെന്ന അഭിപ്രായക്കാരും സജീവമാണ്. ഇതോടെയാണ് തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ തിരഞ്ഞടുപ്പില്‍ അടക്കം തരൂരിന് നിര്‍ണായക റോള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം, ശശി തരൂര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയത്.

തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി വേദികളില്‍ കൂടുതല്‍ സജീവമാകണമെന്ന് തരൂരിനോട് എഐസിസി ആവശ്യപ്പെട്ടാണ് വിവരം. പാര്‍ട്ടിയെ അടിക്കടി പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ എഐസിസി നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അധികാരത്തില്‍ തിരിച്ചു വരാന്‍ തരൂരും വേണമെന്നായിരുന്നു മറുചേരിയുടെ പക്ഷം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി പരിപാടികളില്‍ എഐസിസി ഇടപെട്ട് പങ്കെടുപ്പിക്കുന്നുവെന്നത് ശ്രദ്ധേയം.

ഓപ്പറേഷന്‍ സിന്ദുറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ നിരന്തരം പുകഴ്ത്തിയ തരൂരും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. കേരളത്തിലെ കോണ്‍ഗ്രസ് വേദികളില്‍ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് ചില നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. അതിന് ശേഷം കേരളത്തിലെത്തുന്ന തരൂര്‍ മറ്റ് പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് വേദികളില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യം ഉണ്ടാക്കി. ഇതിനാണ് മാറ്റം വരുന്നത്. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ അടക്കം പങ്കെടുത്ത പരിപാടിയിലാണ് തരൂര്‍ എത്തിയത്.എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യവും ഈ യോഗത്തിലുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങി കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖരെല്ലാം തരൂരിനൊപ്പം വേദി പങ്കിട്ടു.

ഇങ്ങനെ കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂരിന് വീണ്ടും അവസരം ഒരുക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രം സമര്‍പ്പണത്തില്‍ താരമായി തരൂര്‍ മാറി. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു ഈ പാര്‍ട്ടി പരിപാടി.കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തരൂരിനുള്ള പ്രസക്തി എഐസിസി നേതൃത്വം തിരിച്ചറിഞ്ഞതാണ് തരൂരിന്റെ വേദിയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായതെന്ന വിലയിരുത്തലുണ്ട്. ദീപാദാസ് മുന്‍ഷി നേരിട്ട് തരൂരിനെ ഫോണില്‍ വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. രാജ്ഭവനിലെ ത്രൈമാസിക പ്രകാശനത്തിന് ശേഷം ഡല്‍ഹിയില്‍ മടങ്ങാനായിരുന്നു തരൂര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപാദാസ് മുന്‍ഷിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ പരിപാടിയില്‍ മാറ്റം വരുത്തി. മഹിളാ കോണ്‍ഗ്രസ് വേദിയിലും എത്തി. പരിപാടിയുടെ ഫ്ളക്സിലും തരൂരിന്റെ ചിത്രമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക