ബിജെപി സ്ഥാപക നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച്‌ കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നും മാന്യമായി ഇറങ്ങിപ്പൊയ്ക്കൂടെ എന്നും ജിന്റോ ജോണ്‍ കടുത്ത ഭാഷയില്‍ പറയുന്നു. എല്‍കെ അദ്വാനിയെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും താരതമ്യം ചെയ്യാന്‍ എങ്ങനെ സാധിച്ചു എന്നാണ് ജിന്റോയുടെ ചോദ്യം. നെഹ്രുവും ഇന്ദിരയും രാജ്യത്തിന് വേണ്ടി ജീവിച്ച്‌ മരിച്ചവരാണ്. അദ്വാനി രാജ്യത്ത് വിഭജന രാഷ്ട്രീയമാണ് പയറ്റിയത്. ബാബരി മസ്ജിദ് തകര്‍ത്തതും രഥയാത്രയുമെല്ലാം സൂചിപ്പിച്ചാണ് ജിന്റോയുടെ വിമർശനം.

ജിന്റോ ജോണിന്റെ കുറിപ്പ് വായിക്കാം: ”ആധുനിക ഇന്ത്യയുടെ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതില്‍ ശാശ്വതമായ പങ്ക് വഹിച്ച, പൊതുസേവനത്തോട് അചഞ്ചലമായ പ്രതിബദ്ധത കാട്ടിയ, വിനയാന്വിതനും മാന്യനും മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനാണ് ലാല്‍ കൃഷ്ണ അദ്വാനി’യെന്ന ഒറ്റ പ്രസ്താവന മാത്രം മതി മിസ്റ്റര്‍ തരൂര്‍ താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ് എന്ന് വിലയിരുത്താന്‍. ഉണ്ടുറങ്ങി കിടക്കുന്നിടത്ത് തന്നെ ഇതുപോലെ മാലിന്യം വാരിയെറിഞ്ഞു നിരന്തരം ദുര്‍ഗന്ധം വിതറാതെ ഇറങ്ങിപ്പൊയ്ക്കൂടെ മാന്യമായി. ഇത്രയും കാലം താങ്കളും താങ്കളേയും ആഘോഷിച്ച ഇടത്തോട്, സകല സംഘികളും താങ്കളുടെ വ്യക്തിജീവിതത്തെ പോലും വേട്ടയാടിയപ്പോള്‍ പരിചയായി നിന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആ മാന്യതയെങ്കിലും കാണിച്ചുകൂടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നന്ദി എന്ന വികാരം ഉണ്ടാകാന്‍ വിശ്വപൗരന്‍ ആകണ്ടല്ലോ, സാമാന്യ മര്യാദയുള്ള മനുഷ്യനായാല്‍ പോരേ? വിശ്വപൗരനെന്ന സ്വയംവലയിത അമിത പ്രചാരവേലയില്‍ നിന്ന് മണ്ണിലേക്കിറങ്ങി വന്ന് സാമാന്യ മര്യാദയുള്ള മനുഷ്യന്റെ നിലവാരമെങ്കിലും പ്രകടിപ്പിച്ചുകൂടെ ശശി സാറേ. നിരന്തരം നെറികേടുകള്‍ പറഞ്ഞിട്ടും അവഗണിച്ചു വിടുന്ന നേതൃത്വത്തെ കൊണ്ട് തന്നെ പുറത്താക്കിച്ച്‌ രക്തസാക്ഷി പരിവേഷമാണ് ഇനി കെട്ടിയാടാന്‍ കൊതിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നിങ്ങളിപ്പോള്‍ ദിനംപ്രതി വാരിക്കൂട്ടുന്ന അവഗണന തന്നെയാണ് നിങ്ങള്‍ക്കുള്ള മറുപടി. ചോറിവിടേയും കൂറ് സംഘപരിവാര്‍ ഗോശാലയിലുമായി കോണ്‍ഗ്രസ്സില്‍ ചുറ്റിത്തിരിയുന്ന താങ്കളോട്, ഞങ്ങള്‍ക്ക് മുന്നില്‍ നിങ്ങളിത്രയും വിലയില്ലാത്ത അവസ്ഥയിലെത്തി എന്ന ഉറച്ച പ്രഖ്യാപനമാണത്.

മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേ എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എന്നും, ആകേണ്ടതുണ്ടായിരുന്നു എന്നും ഓരോ ദിവസവും സംഘിപക്ഷ നിലപാടുകളിലൂടെ താങ്കള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ദയവ് ചെയ്ത് അതിലേക്കായി ഇനിയും തെളിവുകള്‍ നിരത്തേണ്ടതില്ല. കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുകൊണ്ട് ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന നിങ്ങള്‍ക്ക് ഇനിയുമിവിടെ കടിച്ചുത്തൂങ്ങിയാടാന്‍ അല്പം പോലും ഉളുപ്പില്ലേ.രാജ്യത്ത് പ്രധാന തെരഞ്ഞെടുപ്പുകള്‍ നടക്കുമ്ബോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനപക്ഷ സമരങ്ങളുമായി കോണ്‍ഗ്രസ് തെരുവ് നിറയുമ്ബോഴും നില്‍ക്കുന്ന ഇടം മറന്നുള്ള താങ്കളുടെ അക്ഷരാഭ്യാസങ്ങള്‍ പതിവാണ്. പ്രവര്‍ത്തക സമിതിയംഗം എന്ന നിലയില്‍ കോണ്‍ഗ്രസ്പക്ഷ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെങ്കിലും മോദി പക്ഷ പണികള്‍ ആവോളം ചെയ്യുന്നുമുണ്ടല്ലോ. ഏറ്റവും കുറഞ്ഞപക്ഷം താങ്കള്‍ക്ക് ഇപ്രാവശ്യം പാര്‍ലമെന്റ് കയറാന്‍ കഷ്ടപ്പെട്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കരുത്. ഇങ്ങനെ സംഘിസേവ നടത്തി ഈ പാവം മലയാളികളെ മാനം കെടുത്തരുത്.താങ്കള്‍ പറഞ്ഞതുപോലെ എല്‍ കെ അദ്വാനിയെ ഒരു കാരണവശാലും നെഹ്റുവിനോടും ഇന്ദിരയോടും താരതമ്യം ചെയ്യാനാവില്ല. കാരണം നെഹ്‌റുവും ഇന്ദിരയുമെല്ലാം ജീവിച്ചു മരിച്ചത് ഈ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനായിരുന്നു. രാജ്യത്തെ മുഴുവന്‍ മനുഷ്യരേയും ഒരുപോലെ കൂട്ടിപ്പിടിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് അവരെല്ലാം ജനഹൃദയങ്ങളില്‍ ഇടം നേടിയത്.അദ്വാനിയുടെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന ഈ രാജ്യത്തിന്റെ മതേതര മിനാരങ്ങള്‍ തച്ചു തകര്‍ക്കാന്‍ രഥയാത്ര നടത്തിയും കര്‍സേവക്കുള്ള ആയുധങ്ങള്‍ മൂര്‍ച്ഛ കൂട്ടി നല്‍കിയതുമാണ്. അതൊരു മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനമായി തോന്നുന്ന താങ്കള്‍ അക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസ് അല്ലാതായി മാറിയിരിക്കുന്നു.

അദ്വാനിയുടെ പ്രതിബദ്ധത ആര്‍എസ്‌എസിനോട് മാത്രമായിരുന്നു.അയാളുടെ മാന്യതയെന്ന് നിങ്ങള്‍ വാഴ്ത്തിയ പ്രവര്‍ത്തനരീതികള്‍ ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് മേലുള്ള കുടില കരിമ്ബടമായിരുന്നു. ആനുകാലിക ഇന്ത്യയിലെ സംഘപരിവാര്‍ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതില്‍ അയാള്‍ വഹിച്ച പങ്ക് ആയിരക്കണക്കിന് മതന്യൂനപക്ഷ മനുഷ്യരുടെ രക്തം കൊണ്ട് പങ്കിലമായ ആസൂത്രിത കലാപങ്ങള്‍ക്ക് കാരണമായ വിഷ വാക്കുകളായിരുന്നു.അതിനപ്പുറം ആധുനിക ഇന്ത്യയില്‍ ഒരു ചുക്കും ചുണ്ണാമ്ബും മണ്ണാങ്കട്ടയും ചെയ്തിട്ടില്ല സംഘപരിവാറിന്റെ ഈ ആര്‍എസ്‌എസ് അവദൂതന്‍. ഇന്ന് ഈ രാജ്യത്ത് കാണുന്ന രീതിയില്‍ വിദ്വേഷ പ്രചരണത്തിന്റെ വേഗം കൂട്ടിയ വര്‍ഗ്ഗീയ നാവിനുടമ മാത്രമാണ് അയാള്‍… മോദിയും യോഗിയും അമിത് ഷായുമടക്കമുള്ളവര്‍ വിഷ വിദ്വേഷപ്പണി പഠിച്ച കളരിയുടെ ആശാന്‍.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക