അഖിലേന്ത്യാതലത്തില്‍ എസ്‌ഐആറിനെതിരെ പ്രതിഷേധ മാർഗരേഖ നിശ്ചയിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരാഭവനില്‍ വിളിച്ചുചേർത്ത യോഗത്തില്‍ ദേശീയ പ്രവർത്തക സമിതിയംഗം ഡോ. ശശി തരൂർ പങ്കെടുത്തില്ല. യോഗത്തിലേക്ക് തരൂരിനെയും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. ക്ഷണമുണ്ടായിട്ടും തരൂർ യോഗത്തില്‍ സംബന്ധിക്കാത്തതോടെ പാർട്ടിക്കകത്തും രാഷ്ട്രീയവൃത്തങ്ങളിലും ചർച്ചകള്‍ ശക്തമായിരിരക്കുകയാണ്.

യോഗം ആരംഭിച്ച അതേ സമയത്ത് തന്നെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാംനാഥ് ഗോയങ്ക പ്രഭാഷണത്തിലെ നാല് ചിത്രങ്ങളടങ്ങിയ ഒരു പോസ്റ്റ് തരൂർ എക്സില്‍ പങ്കുവെച്ചു. കടുത്ത ജലദോഷവും ചുമയും ഉള്ളിട്ടും മോദിയുടെ പ്രസംഗം കേള്‍ക്കാൻ എത്തുകയും അതിലുണ്ടായ സന്തോഷം തുറന്നുപറയുകയും ചെയ്തതായി തരൂർ കുറിച്ചു.പ്രഭാഷണത്തില്‍ മോദി കോണ്‍ഗ്രസിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“മെക്കാളെയും കൊളോണിയല്‍ ഭരണവും ഇന്ത്യൻ സമൂഹത്തിന് ഏല്‍പ്പിച്ച അടിമ മനോഭാവം 200 വർഷമായി നിലനില്‍ക്കുന്നു; അടുത്ത 10 വർഷത്തിനുള്ളില്‍ ഇത് പൂർണമായി മാറ്റണം” എന്നായിരുന്നു മോദി പറഞ്ഞത്. സ്വാതന്ത്ര്യാനന്തര കാലത്ത് കോണ്‍ഗ്രസ് നേതൃത്ത്വം ഈ മനസിക അടിമത്തത്തെ നീക്കാൻ ശ്രമിച്ചില്ലെന്ന വിശകലനവും പ്രസംഗത്തില്‍ ഉണ്ടായിരുന്നു. തരൂർ ഈ ഭാഗം പ്രത്യേകം എടുത്തുകാട്ടിയാണ് മോദിയെ പ്രശംസിച്ചത്.

താൻ “തിരഞ്ഞെടുപ്പ് മോഡില്‍” ആണെന്ന വിമർശനങ്ങളോട് പ്രതികരിച്ച മോദി, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള “വികാര മോഡ്” ആണ് തന്റെ പ്രവർത്തനങ്ങളെ നയിക്കുന്നതെന്ന് വ്യക്തമാക്കി. സാമ്ബത്തിക ചിന്തയും സാംസ്കാരിക പുനരുജ്ജീവനത്തിനുള്ള ആഹ്വാനവുമാണ് മോദിയുടെ പ്രസംഗം അടയാളപ്പെടുത്തുന്നതെന്ന് തരൂർ പോസ്റ്റില്‍ രേഖപ്പെടുത്തി.തരൂരിന്റെ ഈ നിലപാട് സംബന്ധിച്ച്‌ കോണ്‍ഗ്രസ് പ്രതികരണത്തിന് തയ്യാറായിട്ടില്ല. പാർട്ടിക്കുള്ളില്‍ തരൂർ വീണ്ടും വ്യത്യസ്ത നിലപാട് പരസ്യമാക്കിയതോടെ തരൂരിന്റെ അടുത്ത നീക്കം എന്തെന്ന ചർച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക