സിപിഎമ്മിന് കൈകൊടുക്കാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളെല്ലാം തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും. ഇപ്പോള്‍ പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ലെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചർച്ചയില്‍ താൻ പൂർണ തൃപതനാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. താനും പാർട്ടിയും ഒരേ ദിശയിലാണെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂർ വ്യക്തമാക്കി. രണ്ടു മണിക്കൂർ പാർട്ടി അദ്ധ്യക്ഷനുമായും രാഹുല്‍ ഗാന്ധിയുമായും സംസാരിച്ചുവെന്നും ഡല്‍ഹിയില്‍ മാധ്യമണങ്ങളെ കണ്ട തരൂർ വ്യക്തമാക്കി. അതേസമയം, താൻ സിപിഎമ്മിലേക്കെത്തുമെന്ന വാർത്തകളെ അദ്ദേഹം തള്ളി. ആരാണ് ഇത്തരം വാർത്തകള്‍ പടച്ചു വിടുന്നതെന്ന് ചോദിച്ചു. കഥകള്‍ എവിടെ നിന്ന് കിട്ടി എന്നറിയില്ലെന്നും തരൂർ പറഞ്ഞു.
കോണ്‍ഗ്രസുമായി പിണങ്ങി നില്‍ക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലായിരുന്നു സിപിഎം. ഇതിൻ്റെ ഭാഗമായി ദുബൈയില്‍ നിർണായക ചർച്ചകള്‍ നടന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവന്നത്.തരൂർ സിപിഎമ്മിന്റെ ഭാഗമായേക്കും എന്ന താരത്തിലുണ്ടായ ചർച്ചകള്‍ ഇടതുമുന്നണി കണ്‍വീനർ ടി പി രാമകൃഷ്ണൻ നിഷേധിച്ചിരുന്നില്ല. ഇടത് നിലപാടിനോട് യോജിച്ച് പോകാൻ കഴിയുന്ന ആർക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്ന് ആയിരുന്നു ടി പി രാമകൃഷ്ണൻ വിഷയത്തില്‍ പ്രതികരിച്ചത്. മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതിന്റെ നീരസത്തില്‍ തരൂർ എടത്തിനൊപ്പം പോകും എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍ പാർട്ടിയുമായുള്ള പ്രശ്നം പരിഹരിച്ചെന്ന് തരൂർ തന്നെ വ്യക്തമാക്കിയതോടെ ആ സംശയത്തിനും ഉത്തരമായിരിക്കുകയാണ്.

















