ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല. കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയിലെ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ട് രണ്ട് മാസമാകുന്നു.ഇന്നലെ ആയൂരില്‍ വച്ച് പരിശോധന നടത്തിയ ശേഷം മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിക്കുകയും ചെയ്തിരുന്നു.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്‌ആർടിസിയുടെ കെഎല്‍ 15 എ 0209 എന്ന ബസ് ഇന്നലെയാണ് മന്ത്രി നേരിട്ട് തടഞ്ഞു പരിശോധന നടത്തിയത്. ബസിൻറെ മുൻഭാഗത്ത് പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടതിനെ തുടർന്ന് പിന്നാലെ പോയി ബസ് കൈകാണിച്ച് നിർത്തുകയായിരുന്നു. കുപ്പി അലക്ഷ്യമായി ഇട്ടിരുന്നതിന് ജീവനക്കാരെ പരസ്യമായി ശകാരിക്കുകയും ചെയ്തു.
പരിവാഹൻ വെബ്‌സൈറ്റില്‍ പരിശോധിച്ച അതേ ബസിന്റെ രേഖകള്‍ പ്രകാരം ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കിയില്ല എന്ന് വ്യക്തം. 2025 ഓഗസ്റ്റ് മാസം ഏഴാം തീയതി ബസിൻറെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞു. ജീവനക്കാരെ ശകാരിക്കാൻ സമയം കണ്ടെത്തുന്ന മന്ത്രി വാഹനത്തിന്റെ രേഖകള്‍ എല്ലാം കൃത്യം ആണോ എന്നത് കൂടി പരിശോധിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം.

















