ഐക്യത്തിന്റെ കൈകോര്‍ക്കലാകേണ്ട കൊച്ചിയിലെ കോണ്‍ഗ്രസ് മഹാപഞ്ചായത്ത് വേദിയിൽ കരുത്തരായ നേതാക്കള്‍ക്ക് രാഹുൽ ഗാന്ധിയിൽ നിന്ന് തിക്താനുഭവമുണ്ടായതായി റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എസിസി വർക്കിംഗ് കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളുമായി രമേശ് ചെന്നിത്തല കെ സുധാകരൻ ശശി തരൂർ എന്നിവർക്കാണ് രാഹുലിൽ നിന്ന് തിക്താനുഭവമുണ്ടായത്. ഇതില്‍ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മിക രോഷത്തിലാണ്. ഈ നാലു നേതാക്കളും മഹാ പഞ്ചായത്തിന് ശേഷം വേദനയിലാണ്.
സതീശനെ വാഹനത്തിൽ കയറ്റിയില്ല
മഹാപഞ്ചായത്ത് വേദിയിലേക്കുള്ള യാത്രയ്ക്കായി രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ കയറാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. വാഹനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ സതീശനോട് മറ്റൊരു വാഹനത്തില്‍ വരാന്‍ നിര്‍ദ്ദേശിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ പരസ്യമായി തഴഞ്ഞത് സതീശന്‍ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.
സുധാകരനെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു
കരുത്തനായ കെ. സുധാകരനെ വേദിയില്‍ വെച്ച് രാഹുല്‍ നേരിട്ട് കസേരയില്‍ നിന്നെഴുന്നേല്‍പ്പിച്ചതാണ് മറ്റൊരു ചര്‍ച്ചാ വിഷയം. കെ.പി.സി.സി മുന്‍ അധ്യക്ഷനോട് കാണിച്ച ഈ മര്യാദകേട് സുധാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. തന്റെ വിശ്വസ്തര്‍ക്ക് മാത്രം വേദിയില്‍ പ്രാധാന്യം നല്‍കുക എന്ന രാഹുലിന്റെ ലൈന്‍ ഇതിലൂടെ വ്യക്തമായി.
തരൂരിന്റെ പേര് പോലും പരാമർശിക്കാതെ രാഹുൽ
കേരളത്തിലെ കോണ്‍ഗ്രസില്‍ ജനപ്രീതിയില്‍ ഒന്നാമനായ ശശി തരൂരിനെ പൂര്‍ണ്ണമായും അവഗണിക്കുക എന്നതായിരുന്നു മൂന്നാമത്തെ തന്ത്രം. രാഹുല്‍ എത്തുന്നതിന് മുമ്പേ തരൂരിനെക്കൊണ്ട് പ്രസംഗിപ്പിച്ചു തീര്‍ത്തു. തന്റെ സാന്നിധ്യത്തില്‍ തരൂര്‍ പ്രസംഗിക്കേണ്ടതില്ലെന്ന രാഹുലിന്റെ താല്‍പ്പര്യം ഇതിന് പിന്നിലുണ്ടായിരുന്നു. സ്വന്തം പ്രസംഗത്തില്‍ മിക്കവാറും എല്ലാ നേതാക്കളുടേയും പേരെടുത്തു പറഞ്ഞ രാഹുല്‍ തരൂരിന്റെ പേര് മിണ്ടിയതുപോലുമില്ല.
രമേശ് ചെന്നിത്തലയെ പ്രസംഗിക്കാൻ വിളിച്ചത് അടൂർ പ്രകാശിനും ശേഷം
മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ പ്രസംഗിക്കാന്‍ വിളിച്ചതാകട്ടെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ്. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനും ശേഷമാണ് ചെന്നിത്തലയ്ക്ക് മൈക്ക് നല്‍കിയത്. ചെന്നിത്തലയുടെ സീനിയോറിറ്റിയെ പാടേ അവഗണിച്ചുകൊണ്ടുള്ള ഈ നടപടി നാലാമത്തെ അനീതിയായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.

















