ഷാഫി പറമ്ബിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ഷാഫി പറമ്ബിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം ഉണ്ടെങ്കില്‍ അദ്ദേഹം തെളിവുകള്‍ പുറത്തു വിടട്ടെയെന്നാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്.
യൂത്ത് കോണ്‍ഗസ് നേതാവ് പരാതി കൊടുത്തതും പാർട്ടിയെ വെട്ടിലാക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ ചുമതലയില്‍ നിന്ന് നീക്കുകയാണ് വേണ്ടതെന്നും മറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് വഴി തിരിച്ചു വിടേണ്ടെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറി എന്തു കൊണ്ട് ആരോപണം ഉന്നയിച്ചു എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ജില്ലാ സെക്രട്ടറിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന വിഡി സതീശൻ്റെ പ്രസ്താവനയോടും കൃഷ്ണദാസ് പ്രതികരിച്ചു.
വിഡി സതീശൻ ആദ്യം എംഎല്‍എയെ ചുമതലയില്‍ നിന്ന് നീക്കട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയതില്‍ അഭിപ്രായം പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ല സെക്രട്ടറിയുടെ ആരോപണത്തില്‍ കക്ഷി ചേരുന്നില്ലെന്നായിരുന്നു ജില്ലയിലെ മുതിർന്ന നേതാവായ എകെ ബാലന്റെ പ്രതികരണം. ആരോപണം പറഞ്ഞ ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാൻ കയ്യില്‍ തെളിവ് ഉണ്ടാകുമല്ലോയെന്ന് എകെ ബാലൻ ചോദിച്ചു.തന്റെ കയ്യില്‍ രേഖ ഇല്ലാത്തതുകൊണ്ട് ആരോപണം ഉന്നയിക്കുന്നില്ല. ഇഎൻ സുരേഷ് ബാബുവിന്റെ കയ്യില്‍ രേഖ ഉള്ളത് കൊണ്ടായിരിക്കുമല്ലോ പറഞ്ഞതെന്നും എകെ ബാലൻ ചോദിച്ചു.

















