സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകള്‍ വായിക്കാൻ പരിശീലനം നല്‍കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ് കളക്ടർ ഈ നിർദേശം മുന്നോട്ടുവച്ചത്. ഇത് ഭക്ഷണകാര്യങ്ങളില്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്താൻ വിദ്യാർത്ഥികള്‍ക്ക് സഹായകമാകും.
കൂടാതെ എല്ലാ വിദ്യാലയങ്ങളിലും ഷുഗർ, ഓയില്‍ ബോർഡുകള്‍ സ്ഥാപിക്കണം.കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവ്, അവയുടെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന അസുഖങ്ങള്‍ എന്നിവയെ കുറിച്ച് വിദ്യാർത്ഥികളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാൻ ഇത് സഹായകമാകുമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. ജില്ലയിലെ എല്ലാ ന്യൂട്രീമിക്സ് ഉല്‍പാദന കേന്ദ്രങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്വയം തൊഴിലായി വീടുകളിലും മറ്റും ഭക്ഷണപദാർത്ഥങ്ങള്‍ ഉണ്ടാക്കുന്നവർക്ക് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കണമെന്നും, രാത്രി കാലങ്ങളില്‍ തുറന്ന് പ്രവർത്തിക്കുന്ന തട്ടുകടകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കണമെന്നും, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഡിസംബർ രണ്ടാം വാരം മുതല്‍ ജനുവരി ആദ്യവാരം വരെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധനകള്‍ നടത്തണമെന്നും യോഗം നിർദേശിച്ചു.

















