കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണി അറസ്റ്റില്‍. കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരാള്‍ കൂടി അറസ്റ്റിലായത്. കൊല്ലം മങ്ങാട് സ്വദേശിനി ഹരിത (27) ആണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം മൂന്നായി. ഇന്നലെ കൊല്ലം വെസ്റ്റ് പൊലീസാണ് ഹരിതയെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒമാനില്‍ കഴിഞ്ഞ് എംഡിഎംഎ കച്ചവടത്തിന്‍റെ മുഖ്യ ഏജന്‍റായി പ്രവർത്തിക്കുകയായിരുന്നു ഹരിതയെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ മാസം 24നാണ് വിപണിയില്‍ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരനെ കൊല്ലം സിറ്റി ഡാൻസാഫും കൊല്ലം വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. അഖിലിനെ ചോദ്യം ചെയ്തതില്‍ കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണത്തിന്‍റെ മുഖ്യ ശൃംഖല ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ കിരണ്‍ നാരായണൻ കൊല്ലം എസിപി എസ് ഷെരീഫിന്‍റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗരത്തിലെ രണ്ട് വിതരണക്കാർക്ക് നല്‍കുന്നതിന് വേണ്ടിയാണ് അഖില്‍ എംഡിഎംഎ എത്തിച്ചത് എന്ന് മനസിലാക്കിയ പൊലീസ്, എംഡിഎംഎ വാങ്ങുന്നതിനായി അഖിലിനെ കാത്തുനിന്ന കല്ലുന്താഴം സ്വദേശി അവിനാഷിനെ അന്ന് വൈകിട്ട് തന്നെ പിടികൂടി. അഖിലിനെ പിടികൂടിയത് അറിഞ്ഞു ഒളിവില്‍ പോയ രണ്ടാമത്തെ വിതരണക്കാരനായ കൊല്ലം അമ്മച്ചി വീട് സ്വദേശി ശരത്തിനെ എംഡിഎംഎ കച്ചവടം നടത്തുന്നതിനിടയില്‍ 12 ഗ്രാം എംഡിഎംഎ യുമായി കൊല്ലം സിറ്റി ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹരിതയിലേക്ക് പൊലീസ് എത്തുന്നത്.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കള്‍ ഒമാനിലാണ്. മങ്ങാട് അമ്മൂമ്മ കനകമ്മയോടൊപ്പമാണ് താമസം. രണ്ടാം പ്രതി അവിനാഷും ഹരിതയും കോളജില്‍ ഒരുമിച്ച്‌ പഠിച്ചവരാണ്. പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തില്‍ ഇറങ്ങിയ ഹരിത എംഡിഎംഎ കച്ചവടത്തിന്‍റെ മുഖ്യ ഏജന്‍റായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടയില്‍ 2024 ഡിസംബറില്‍ രണ്ട് ഗ്രാം എംഡിഎംഎയുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്ത് ലോഡ്ജില്‍ വച്ച്‌ എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതില്‍ 2025 ജനുവരിയില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒമാനില്‍ മാതാപിതാക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു. അവിടെയിരുന്ന് എംഡിഎംഎ കച്ചവടത്തിന്‍റെ ഏജന്‍റായി ഹരിത പ്രവര്‍ത്തനം തുടര്‍ന്നു. അമ്മൂമ്മ കനകമ്മയുടെ അക്കൗണ്ട് ആയിരുന്നു ഹരിത ഉപയോഗിച്ചിരുന്നത്. എംഡിഎംഎയ്ക്ക് വേണ്ടി അവിനാശും ശരത്തും പണം കനകമ്മയുടെ അക്കൗണ്ടില്‍ അയച്ച്‌ കൊടുക്കുകയും ഈ പൈസ ഹരിത എംഡിഎംഎയുടെ ബംഗളൂരുവിലെ മൊത്ത വിതരണക്കാരന് അയച്ചു നല്‍കുകയും ചെയ്യുകയായിരുന്നു രീതി.

അവിടെ നിന്നും എറണാകുളത്ത് എത്തിക്കുന്ന എംഡിഎംഎ അഖില്‍ ശശിധരനെ ഉപയോഗിച്ച്‌ കൊല്ലത്ത് എത്തിച്ചാണ് കച്ചവടം നടത്തിയിരുന്നത്. കൊല്ലത്തെ വിതരണക്കാരും മൊത്ത കച്ചവടക്കാരനും തമ്മില്‍ ഒരിക്കലും പരസ്പരം അറിയാതിരിക്കാൻ ഹരിത ശ്രദ്ധിച്ചിരുന്നു. പൈസ ഗൂഗിള്‍ പേ വഴി അയക്കുന്നതും സാധനം എടുക്കേണ്ട ലൊക്കേഷൻ അയച്ചു കൊടുക്കുന്നതും ഹരിതയാണ്. ഹരിതയുടെ മൊബൈല്‍ പരിശോധിച്ചതില്‍ ലഹരി കച്ചവടം നടത്തിയതിന്‍റെ നിരവധി വിവരങ്ങള്‍ പൊലീസ് കണ്ടെടുത്തു.

ഇടപാടിന്‍റെ മുഖ്യ കണ്ണി ഹരിതയാണെന്നും ആള്‍ ഗള്‍ഫില്‍ ഇരുന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നും മനസിലാക്കിയ പൊലീസ് ഈ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ജയിലില്‍ ആയ അവിനാശിനെയും ശരത്തിനെയും ജാമ്യത്തില്‍ ഇറക്കാൻ നാട്ടിലെത്തിയതാണ് ഹരിത. പൊലീസിന്‍റെ കണക്കുകൂട്ടല്‍ പോലെ നാട്ടിലെത്തിയ ഹരിതയെ ഇന്നലെ കൊല്ലം ജില്ലാ ജയിലിനു സമീപം വച്ച്‌ കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ആർ ഫയാസിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐ അൻസറുദീൻ, സിപിഒമാരായ ശ്രീലാല്‍, ദീപു ദാസ്, സലിം, അശ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളില്‍ ഈ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക