ലൈംഗികാരോപണ വിവാദങ്ങളെത്തുടർന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തി. 38 ദിവസത്തിനു ശേഷം ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ മാത്രം അറിയിച്ച് അതീവ രഹസ്യമായാണ് തിങ്കളാഴ്ച പുലർച്ചെ പാലക്കാട് എത്തിയത്. സ്വകാര്യ കാറില്‍ എംഎല്‍എ ബോർഡ് വെച്ചെത്തിയ രാഹുല്‍ രാവിലെ അന്തരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവ്യറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തുടർന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസിൻ്റെ മണ്ണാർക്കാട്ടെ വീട്ടിലേക്ക് പോയി.
ഇന്ന് ജില്ലയില്‍ എംഎല്‍എ ചില സ്വകാര്യ സന്ദർശനങ്ങള്‍കൂടി നടത്തുമെന്നാണ് സൂചന. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായി എത്തിയ എംഎല്‍എ ഓഫീസിലോ പൊതുപരിപാടികള്‍ക്കോ എത്തിയാല്‍ തടയുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ പറഞ്ഞു.
കോണ്‍ഗ്രസിൻ്റെ മൗനാനുവാദത്തോടെ എത്തിയ എംഎല്‍എയെ തടയുന്നതിൻ്റെ പേരില്‍ കിട്ടാനിടയുള്ള സഹതാപ സാധ്യത ഉണ്ടാക്കി കൊടുക്കാൻ തയ്യാറല്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ നിലപാട്. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാവും തുടർസമരങ്ങളെന്നും അവർ പറഞ്ഞു.എംഎല്‍എ എത്തുമെന്ന പ്രതീക്ഷയില്‍ പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ഓഫീസിനു മുന്നില്‍ രാവിലെ മുതല്‍ കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടം പാലക്കാട്ടേക്ക് വരുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ എംഎല്‍എ ഓഫീസ് തുറന്നിരുന്നു.ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകരും എത്തി. പോലീസ് സ്ഥലത്ത് സുരക്ഷ വർധിപ്പിച്ചു. സിപിഎമ്മും ബിജെപിയും പ്രതിഷേധവുമായി എത്തുമെന്ന സംശയത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. രാഹുലിന് തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.

















