ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകളുള്‍പ്പെടെ വാഹനങ്ങള്‍ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച് വിറ്റെന്ന കേസില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഊർജിത അന്വേഷണം തുടങ്ങി. നടൻ ദുല്‍ഖർ സല്‍മാൻ ഉള്‍പ്പടെയുള്ളവർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്‍കും. വീട്ടില്‍ നിന്ന് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്ത അമിത് ചക്കാലയ്ക്കലിനെ ഇന്നലെ അർദ്ധരാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കൂടുതല്‍ കാറുകള്‍ പിടിച്ചെടുക്കാൻ സാദ്ധ്യതയുണ്ട്.
വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മിഷണർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വാഹനം വാങ്ങിയവരാരും നേരായ മാർഗത്തിലൂടെയല്ല പണം നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് കൂടെ കേസെടുക്കാൻ സാദ്ധ്യതയുണ്ട്. നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖർ സല്‍മാൻ, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വസതികളിലടക്കമായിരുന്നു ഇന്നലെ പരിശോധന നടന്നത്. ഇടനിലക്കാരില്‍ നിന്നും സെക്കൻഡ് ഹാൻഡ് ഷോറൂമുകളില്‍ നിന്നും വാങ്ങിയ വാഹനങ്ങളാണ് താരങ്ങളെ കുടുക്കിയത്.
ഓപ്പറേഷൻ ‘നുംഖോർ’ എന്ന പേരിലായിരുന്നു പരിശോധന. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തില്‍പ്പെട്ടതുമായ വാഹനങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വില്‍ക്കുന്ന സംഘത്തെ പൂട്ടുകയായിരുന്നു ലക്ഷ്യം. 25 ലക്ഷം രൂപയിലധികം നല്‍കിയാണ് വാഹനങ്ങള്‍ താരങ്ങളടക്കം സ്വന്തമാക്കിയത്. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങളെത്തിച്ച ഇടനിലക്കാരുടെയും സെക്കൻഡ് ഹാൻഡ് ഷോറൂമുകളില്‍ നിന്ന് വാഹനം വാങ്ങിയവരുടെയും വീടുകളിലടക്കം 35 ഇടങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളില്‍ ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ പരിശോധന വൈകിട്ടുവരെ തുടർന്നു.കോയമ്ബത്തൂരിലെ വാഹനക്കടത്ത് സംഘം മുഖേന എത്തിച്ച 150 മുതല്‍ 200വരെ വാഹനങ്ങള്‍ അനധികൃതമായി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റർ ചെയ്ത് കേരളത്തില്‍ എത്തിച്ചെന്നായിരുന്നു കസ്റ്റംസിനു ലഭിച്ച വിവരം. ഇടനിലക്കാർ മുഖേന താരങ്ങളടക്കം വാഹനങ്ങള്‍ വാങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പരിശോധന.

















