ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന് ഉത്തർ പ്രദേശ് സർക്കാറിനു കീഴിലെ വിവിധ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

ഉത്തർ പ്രദേശില്‍ നിന്നുള്ള മാധ്യമ പ്രവർത്തകൻ ഓം പ്രകാശ് സിങ് ഫയല്‍ ചെയ്ത വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളി നിർമാണത്തിനായി ഉത്തർ പ്രദേശ് സർക്കാർ അയോധ്യ നഗരത്തില്‍ നിന്നും 25 കിലോമീറ്റർ അകലെ ധാന്നിപൂർ ഗ്രാമത്തില്‍ അഞ്ചേക്കർ ഭൂമി അനുവദിച്ച്‌ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് അനുമതി തേടി അഉത്തർ പ്രദേശ് സുന്നി സെൻട്രല്‍ വഖ് ബോർഡ് സമർപ്പിച്ച പ്ലാൻ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളുകയായിരുന്നു. വിവിധ സർക്കാർ വകുപ്പുകളില്‍ നിന്നും എൻ.ഒ.സി ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പള്ളി നിർമാണചുമതലയുള്ള ട്രസ്റ്റ് 2021ജൂണ്‍ 23നാണ് പ്ലാൻ സമർപ്പിച്ചത്. എന്നാല്‍, പൊതുമരാമത്ത് വിഭാഗം, മലിനീകരണ നിയന്ത്രണ വിഭാഗം, സിവില്‍ ഏവിയേഷൻ, ജലസേചനം, റവന്യൂ, മുനിസിപ്പല്‍ കോർപറേഷൻ, ഫയർ സർവീസ് തുടങ്ങിയ വകുപ്പുകള്‍ പ്രസ്തുത സ്ഥലത്തെ പള്ളി നിർമാണത്തിന് എൻ.ഒ.സി നല്‍കിയില്ല. ഇതേ തുടർന്ന് പ്ലാൻ തള്ളിയതായി അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി ആർ.ടി.ഐ മറുപടിയില്‍ അറിയിച്ചു. അപേക്ഷക്കൊപ്പം പള്ളി നിർമാണ ട്രസ്റ്റ് എ.ഡി.എയില്‍ നാല് ലക്ഷം രൂപ സെക്യുരിറ്റി ഡെപോസിറ്റ് ആയി നിക്ഷേപിച്ചിട്ടുണ്ട്. പ്ലാൻ നിരസിച്ചതായി ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അതാർ ഹുസൈൻ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക