ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കർശന നിർദേശവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ആണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പല്‍ സെഷൻസ് കോടതി നിർദ്ദേശം. എന്നാല്‍ സെഷൻസ് ഉത്തരവ് പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിട്ടുള്ളത്.

ബലാത്സംഗ പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോകുകയും 15 ദിവസത്തെ ഒളിവ് വാസത്തിന് ശേഷം ഇക്കഴിഞ്ഞ 11ന് വോട്ട് രേഖപ്പെടുത്താൻ പാലക്കാട് എത്തുകയും ചെയ്തിരുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു തങ്ങളുടേതെന്നും ആ ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ യുവതി പരാതി നല്‍കിയതാണെന്നുമാണ് രാഹുല്‍ മുൻകൂർ ജാമ്യ ഹർജിയില്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോപണം ബലാല്‍സംഗ കുറ്റത്തിന്റെ നിർവചനത്തില്‍ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും രാഹുലിന്റെ ഹർജിയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, ഹോം സ്റ്റേയിലെത്തിച്ച്‌ ബലാത്സംഗം ചെയ്‌തെന്ന രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നില്‍ ഇന്ന് ഹാജരാകണം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബർ 10ന് കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ചത്.

രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണു പരാതി നല്‍കിയതെന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. മൂന്നു മാസത്തേക്കോ അന്തിമ റിപ്പോര്‍ട്ടു നല്‍കുന്നതു വരെയോ രണ്ടാഴ്ച കൂടുമ്ബോള്‍ തിങ്കളാഴ്ച രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോഴും ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

23 വയസുകാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതി നല്‍കിയത്. കെപിസിസിക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. പരാതി കെപിസിസി പോലീസിന് കൈമാറുകയായിരുന്നു. ആദ്യഘട്ടത്തില്‍, നിയമപരമായി മുന്നോട്ട് പോവാൻ പെണ്‍കുട്ടിക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ആദ്യത്തെ ബലാത്സംഗ പരാതി പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി നിയമപരമായി നേരിടാൻ തയ്യാറായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക