ശബരിമല സ്വർണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന 2024-ല്‍, 2019 ലേതിന് സമാനമായി ദ്വാരപാലക ശില്പങ്ങളില്‍ നിറം മങ്ങിയെന്നും സ്വർണം പൂശണമെന്നുമുള്ള നിർദ്ദേശം മുന്നോട്ട് വരുന്നു. സ്വർണപാളി ഉണ്ണികൃഷ്ണൻ പാറ്റിക്ക് കൈമാറാൻ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുളള ദേവസ്വം ബോർഡ് തീരുമാനം എടുക്കുന്നു.
അതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സംശയം പ്രകടിപ്പിക്കുന്നത്. ഇതോടെ പദ്ധതി മാറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ദ്വാരപാലക ശില്പങ്ങള്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി സ്വർണം പൂശുകയായിരുന്നു. അഞ്ച് വർഷം കൊണ്ട് വീണ്ടും സ്വർണം പൂശാൻ തീരുമാനിക്കാൻ സമ്മർദ്ദമുണ്ടായോ എന്നതാണ് പ്രധാനമായും എസ്‌എടിയുടെ ചോദിച്ചറിയുക.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്വർണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം വഴിമുട്ടിയെന്ന വിമർശനവും ശക്തമാണ്.
സ്വർണക്കൊള്ളയുടെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനുള്ള ശ്രമവും അണിയറിയില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വർണ്ണക്കൊള്ള എല്‍ഡിഎഫിന് നല്‍കിയത് സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ സിപിഎം നേതാക്കളില്‍ അന്വേഷണം എത്താതിരിക്കാൻ സംസ്ഥാന സർക്കാർ പരാമവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നത്.

















