വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ കഫേ നടത്തിപ്പുകാരന് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ച് കെട്ടിട ഉടമ. ക്ലോസ് റേഞ്ചിലായിരുന്നെങ്കിലും ഉന്നം പിഴച്ചു. കഫേ നടത്തിപ്പുകാരനായ കാസർകോട് സ്വദേശിയും സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിയും അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിട ഉടമ എറണാകുളം ഗാന്ധിനഗർ സ്വദേശി പ്രസാദിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11ന് കടവന്ത്ര ജംഗ്ഷന് സമീപമായിരുന്നു നാടകീയ സംഭവങ്ങള്‍.ആറ് മാസം മുമ്ബാണ് പ്രസാദിന്റെ കെട്ടിടം കാസർകോട് സ്വദേശി വാടകയ്‌ക്കെടുത്തത്. നല്ലനിലയില്‍ കഫേ തുറന്നെങ്കിലും കാര്യമായ കച്ചവടം ഉണ്ടായില്ല. രണ്ടുവട്ടം വാടക മുടങ്ങിയപ്പോള്‍ ഭീഷണിപ്പെടുത്തി വാടക വാങ്ങുകയായിരുന്നു. ഈ മാസവും വാടക വൈകിയതാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
രാത്രി 11ഓടെ കഫേയില്‍ പ്രദീപ് എത്തിയപ്പോള്‍ മൂവാറ്റുപുഴ സ്വദേശിയും ഉണ്ടായിരുന്നു. കൂട്ടുകാരന് നേരെ കൈയേറ്റത്തിന് മുതിർന്നത് ഇയാള്‍ തടഞ്ഞപ്പോള്‍ പ്രസാദ് എയർ പിസ്റ്റളില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു. ഇരുവരും കഫേയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പൊലീസിനെ വിളിച്ചു.
സൗത്ത് പൊലീസ് കഫേ പരിശോധിച്ചു. ഉടമയെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒളിപ്പിച്ചുവച്ച പിസ്റ്റള്‍ പിന്നീട് പ്രസാദിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. യഥാർത്ഥ തോക്കിനോട് കിടപിടിക്കുന്നതായിരുന്നു എയർ പിസ്റ്റള്‍. ലൈസൻസ് വേണ്ടാത്ത ഇവ കൊച്ചിയില്‍ നിന്നാണ് പ്രതി വാങ്ങിയത്. ക്ലോസ് റേഞ്ചില്‍ വെടികൊണ്ടിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

















