സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും അവരുടെ നിലപാടുകളെയും വിമര്‍ശിച്ചാല്‍ അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിലെ അഭിപ്രായ സ്വാതന്ത്ര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകണമെന്നില്ല. പല ഗള്‍ഫ് രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഇന്ത്യക്കാര്‍ ജയിലില്‍ അടക്കപ്പെടുന്ന അവസ്ഥയുണ്ടാകും.
ഇപ്പോഴിതാ ഖത്തറില്‍ ജോലി ചെയ്യുന്ന ഒരു മലയാളി സോഷ്യല്‍ മീഡിയ പോസ്റ്റു ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി എന്ന വിവരമാണ് മറുനാടന്‍ മലയാളി റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ഖത്തറില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയെ സാമൂഹ്യ മാധ്യമം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം.ഖത്തറിന്റെ രാഷ്ട്രീയ നിലപാടിനെതിരെയുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് നടപടി.
40 ഇന്ത്യക്കാരെ അറസ്റ്റു ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായവര്‍ മലയാളികളാണെന്നും ഇവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയപ്പോള്‍ സംഘധ്വനി എന്ന സോഷ്യല്‍ മീഡിയാ പേജില്‍ വന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റു നടപടി ഉണ്ടായതെന്നാണ് വിവരം.

















