ജൂണ്‍ 23-ന് അല്‍ ഉദൈദിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ ഖത്തറിന്റെ വേഗതയേറിയതും ഏകോപിതവുമായ പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന 14.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ട് ഖത്തർ പ്രതിരോധ മന്ത്രാലയം. മേഖലയില്‍ വർധിച്ചുവരുന്ന സംഘർഷങ്ങള്‍ക്കിടയില്‍ ഖത്തർ സായുധ സേനയുടെ സന്നദ്ധതയും കാര്യക്ഷമതയും വീഡിയോ പ്രകടമാക്കുന്നു.
ജൂണ്‍ 13-ന് ഇസ്റാഈലിന്റെ ഇറാൻ ആക്രമണ പരമ്ബരയോടെ ആരംഭിച്ച സംഘർഷം ഇറാന്റെ തിരിച്ചടിയോടെയാണ് തീവ്രതയിലെത്തിയത്. ജൂണ്‍ 22-ന് യുഎസ്, ഇറാന്റെ ഫോർഡോ, നഥൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തെ “വൻ വിജയം” എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാന്റെ ആണവ പദ്ധതിക്ക് കനത്ത തിരിച്ചടിയേറ്റുവെന്നും അവകാശപ്പെട്ടിരുന്നു.
മേഖലയിലെ യുഎസ് സൈനികതാവളങ്ങള്‍ക്കെതിരെ ഇറാൻ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിടുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തർ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.
ഖത്തറിന്റെ പ്രതിരോധ തന്ത്രം: വർധിച്ചുവരുന്ന ഭീഷണികള്‍ക്കിടയില്‍, ഖത്തർ സായുധ സേന തങ്ങളുടെ സമുദ്ര, വ്യോമ ആസ്തികളുടെ വിന്യാസം വർധിപ്പിച്ചിരുന്നു. സെജീല്‍, അബാബീല്‍, അലാദിയാത്ത്, അല്‍സാരിയാത്ത് തുടങ്ങിയ യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്റെ വ്യോമാതിർത്തിയില്‍ 24 മണിക്കൂറും നിരീക്ഷണം നടത്തി. സിവിലിയൻ വിമാനങ്ങള്‍ സുരക്ഷിതമാക്കാൻ വ്യോമാതിർത്തി പൂർണമായും അടച്ചു.വൈകിട്ട് 7:29-ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഖത്തറിലേക്ക് വരുന്നതായി സൈന്യം കണ്ടെത്തി. ‘മിസൈല്‍ തകർക്കല്‍’ (Operation Break the Spears) എന്ന് പേരിട്ട ഓപ്പറേഷനിലൂടെ, ഖത്തർ 300 സൈനികരെയും യുഎസുമായി ചേർന്ന് പ്രവർത്തിക്കുന്ന പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും വിന്യസിച്ചു.
പ്രതിരോധ നടപടികള്‍: വീഡിയോയില്‍, ഖത്തർ സൈനിക യൂണിറ്റുകള്‍ ഏകോപിതമായി പ്രവർത്തിക്കുന്നതും, മിസൈലുകള്‍ തകർക്കുന്നതിനുള്ള നിർദേശങ്ങള്‍ കൈമാറുന്നതും കാണാം. 19 മിസൈലുകളില്‍ ഒരെണ്ണം ഒഴികെ എല്ലാം തകർത്തതായി ഖത്തർ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഒരു മിസൈല്‍ താവളത്തിനടുത്തുള്ള ഒരു കെട്ടിടത്തില്‍ പതിച്ചെങ്കിലും, ആളപായമോ വലിയ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തില്ല.”രാജ്യത്തിന്റെ ആകാശം സംരക്ഷിക്കപ്പെടണം,” ഖത്തരി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുഹമ്മദ് റോബയ്യ അല്‍കാബി വീഡിയോയില്‍ പറഞ്ഞു. “ഇത് മറക്കാനാവാത്ത നിമിഷമായിരുന്നു,” എന്ന് മറ്റൊരു ഉദ്യോഗസ്ഥൻ അഭിമാനത്തോടെ ഓർത്തു.
വൈകിട്ട് 7:49-ഓടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. മിസൈല്‍ അവശിഷ്ടങ്ങള്‍ പരിശോധിക്കാൻ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച ടീമുകളെ വിന്യസിച്ചു. രാസവസ്തുക്കളോ റേഡിയോ ആക്ടീവ് മാലിന്യങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ രാജ്യവ്യാപകമായി ഫീല്‍ഡ് സർവേ നടത്തി. ആക്രമണത്തിന്റെ ആദ്യ 12 മണിക്കൂറിനുള്ളില്‍ 88 റിപ്പോർട്ടുകള്‍ ലഭിച്ചു. രാത്രി 11:25-ന്, ഭീഷണി പൂർണമായും ഇല്ലാതായതിനെ തുടർന്ന് ഖത്തർ വ്യോമാതിർത്തി വീണ്ടും തുറന്നു.

















