വി.എസിന്റെ സർക്കാരിന് തുടർച്ചയില്ലാതെ പോയത് പാർട്ടിയിലുള്ളവർ തന്നെ ചതിച്ചതുകൊണ്ടാണെന്ന് വിമർശിച്ച് മുൻ മന്ത്രി ജി.സുധാകരന്റെ കവിത. 2011 ല്‍ വി.എസ് സർക്കാരിന് തുടർഭരണം ലഭിക്കാതെ പോയത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ ചൂതുകളി നിമിത്തമാണെന്നും കവിതയിലൂടെ ജി.സുധാകരൻ പറഞ്ഞുവെക്കുന്നു. ഇടിമുഴക്കംപോലെ ശബ്ദം സിംഹഗർജനം പോലൊരാഹ്വാനം എന്ന കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിതയിലാണ് ജി. സുധാകരന്റെ ഒളിയമ്ബ്.
വി.എസിനെ പരോക്ഷമായി പ്രകീർത്തിക്കുന്ന കവിതയിലെ 11ആം ഖണ്ഡികയിലാണ് പരാമർശമുള്ളത്. ”കരളുറപ്പോടെ പോരാടിയ ജനസഭ, അതിങ്കല്‍ മുഖ്യനായ് വാണകാലം, വീണ്ടും വരുവാനായ് കൊതിച്ചുനാമെങ്കിലും യൂദാസുകള്‍ തീർത്ത പത്മവ്യൂഹം, മുന്നിലായ് കാണുവാൻ മുമ്ബെ അറിയാതെ നഷ്ടമായ് ഏറെപ്പടക്കളങ്ങള്‍” എന്നാണ് കവിതയില്‍ പരാമർശിക്കുന്നത്.
കേരളത്തിലെ പാർട്ടിയുടെ ജനനവും വളർച്ചയും പോരാട്ടവുമൊക്കെ പരാമർശിക്കുന്ന കവിതയുടെ തുടക്കത്തില്‍ നിലവിലെ നേതൃത്വത്തിനെയും വിമർശിക്കുന്നുണ്ട്. ”സർവപ്രതീക്ഷയുമർപ്പിച്ച നമ്മുടെ സർവ്വസൈന്യാധിപൻ പാളിയെങ്കില്‍ ഉണ്ടാകുമോ വിജയങ്ങള്‍, അണികളെ ചിന്നിച്ചിതറി നശിക്കയില്ലെ? ” എന്നാണ് സുധാകരന്റെ ഒളിയമ്ബ്.
വി.എസ് പിണറായി പോര് പാരമ്യതയിലെത്തിനില്‍ക്കുന്ന സമയത്ത് വി.എസിന്റെ നേതൃത്വത്തില്‍ വീണ്ടും സർക്കാർ അധികാരത്തിലെത്താതിരിക്കാനായി പാർട്ടിയിലെ ഒരുവിഭാഗം പ്രവർത്തിച്ചുവെന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇതിനെ അടിവരയിടുന്ന തരത്തിലാണ് സുധാകരന്റെ കവിത. അതേസമയം വി.എസ് സർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിക്കുമ്ബോഴും പിണറായി സർക്കാരിന്റെ നയങ്ങളോട് അങ്ങനെയല്ല സുധാകരന്റെ സമീപനം. സർക്കാരിന്റെ നവകേരള സംരംഭങ്ങളെയും കവിതയില്‍ വിമർശിക്കുന്നുണ്ട്.

















