വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത വിലയിരുത്താൻ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ. ഇതോടെ സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഈ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും. മണ്ഡലങ്ങളിലെ സര്‍വേ നടത്തി വിജയിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കാനാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസിന് വേണ്ടി സര്‍വേ നടത്തുന്നത് രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലുളള ഏജന്‍സിയാണ്. സി.പി.എമ്മിന് വേണ്ടി സര്‍വേ നടത്താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയോഗിച്ച സംഘത്തെ തന്നെയാണ് ഇത്തവണയും നിയോഗിച്ചിരിക്കുന്നത്.ബംഗളുരുവും ചെന്നൈയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു തവണയാണു സി.പി.എമ്മിനു വേണ്ടി സര്‍വേ നടത്തിയത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് രണ്ടു തവണ മത്സരിച്ചതിന്റെ കാരണം പറഞ്ഞ് സി.പി.എമ്മിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അവസരം നിഷേധിച്ചത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.
രണ്ടാമത്തെ സര്‍വേയിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് വ്യക്‌തമായതോടെ മുന്‍ മന്ത്രിമാരെ ഉള്‍പ്പടെ മത്സരിക്കുന്നതില്‍നിന്നു വിലക്കുകയായിരുന്നു.എന്നാല്‍ ഇത്തവണ സ്‌ഥിതി അതല്ലെന്നും രണ്ട് ടേം നിര്‍ബന്ധമാക്കാതെ ജയസാധ്യതയുള്ള എല്ലാവരെയും മത്സരിപ്പിക്കാനാണു സര്‍വേ നടത്തുന്ന ഏജന്‍സി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ അടിസ്‌ഥാനത്തില്‍ രണ്ട് തവണയില്‍ കടുതല്‍ മത്സരിച്ചവര്‍ക്കും സീറ്റ് നല്‍കാനാണ് സി.പി.എമ്മിന്റെ തീരുമാനം.
ബി.ജെ.പിക്കു വേണ്ടി സര്‍വേ നടത്തുന്നത് ഡല്‍ഹി ആസ്‌ഥാനമായുള്ള ഒരു സ്വകാര്യ ഏജന്‍സിയാണ്.ഇതിനു പുറമേ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയാ ടീമും സര്‍വേയുമായി രംഗത്തുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാമതെത്തിയിരുന്നു. ഒമ്ബതിടത്ത് രണ്ടാം സ്‌ഥാനവും നേടി. ബി.ജെ.പി. ഒന്നാമത് എത്തിയ 11 മണ്ഡലങ്ങളും എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. രണ്ടാമത് എത്തിയ ഒന്‍പത് സീറ്റുംകൂടി ചേര്‍ത്ത് കുറഞ്ഞത് 20 സീറ്റ് ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി. നേതൃത്വത്തിനുള്ളത്. ഇതിനുള്ള തന്ത്രങ്ങളാണ് ബി.ജെ.പിയുടെ സര്‍വേ ടീം ആവിഷ്‌കരിച്ചിരിക്കുന്നത്. സര്‍വേ ടീം മുന്നോട്ട് വച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര പദ്ധതികള്‍ കൂടുതലായി കൊണ്ടുവന്നു ബി.ജെ.പിയുടെ പ്രവര്‍ത്തനം കുടുതല്‍ സജീവമാക്കുകയാണു ലക്ഷ്യം.

















