ജാമ്യമില്ലാ വാറന്റും ലുക്കൗട്ട്‌ സര്‍ക്കുലര്‍ നടപടികളും നേരിടുന്ന യുവതി വിദേശത്തുനിന്നു കേരളത്തിലെത്തി പാസ്‌പോര്‍ട്ട്‌ പുതുക്കി തിരിച്ചുപോയി. പോലീസ്‌ രേഖകളില്‍ ‘ഒളിവിലായ’ പത്തനാപുരം സ്വദേശിനി ഹസീന സുനീറാണ്‌ യു.കെയില്‍ നിന്നു വന്ന്‌ പാസ്‌പോര്‍ട്ട്‌ പുതുക്കി അവിടേക്കുതന്നെ കടന്നത്‌. ഒന്നിലേറെ കേസുകള്‍ നിലനില്‍ക്കുമ്ബോഴും നൂറനാട്‌ പോലീസ്‌ ഹസീനയുടെ പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ വിവാദമായിട്ടുണ്ട്‌. യു.കെയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ ജി.ആര്‍. നായര്‍ എറണാകുളം റേഞ്ച്‌ ഡി.ഐ.ജിക്ക്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കി.

പ്രകാശന്റെ മെട്രോ എന്ന സിനിമയുടെ സംവിധായികയാണു ഹസീന സുനീര്‍. പാസ്‌പോര്‍ട്ട്‌ പുതുക്കി ലഭിക്കുമ്ബോള്‍ ഹസീനയ്‌ക്കെതിരേ കേരളത്തില്‍ കുറഞ്ഞത്‌ നാല്‌ ക്രിമിനല്‍ കേസുകളെങ്കിലും നിലവിലുണ്ടെന്നു പരാതിയില്‍ പറയുന്നു. ഇതില്‍ രണ്ടു കേസുകളില്‍ ജാമ്യമില്ലാ വാറണ്ടുമുണ്ട്‌. 2.5 കോടിയിലധികം രൂപയുടെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ ചാവക്കാട്‌ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവര്‍ ഒളിവിലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്രയും കേസുകള്‍ നിലനില്‍ക്കുമ്ബോഴാണ്‌ നൂറനാട്‌ പോലീസ്‌ ഹസീനയുടെ പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിന്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ജൂണ്‍ 6 നാണ്‌ ഹസീന യു.കെയില്‍നിന്ന്‌ അവസാനമായി കേരളത്തിലെത്തിയത്‌. മുന്‍ പാസ്‌പോര്‍ട്ടിലെ കൊല്ലം പത്തനാപുരം വിലാസം മാറ്റി ആലപ്പുഴ നൂറനാട്‌ വിലാസം ചേര്‍ത്താണ്‌ പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ അപേക്ഷ കൊടുത്തത്‌. ഇതോടെ പാസ്‌പോര്‍ട്ട്‌ ഓഫീസിന്റെ അധികാരപരിധി തിരുവനന്തപുരത്തുനിന്ന്‌ എറണാകുളത്തേക്കു മാറ്റാനായി. വിലാസംമാറ്റി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന്‌ നൂറനാട്‌ പോലീസ്‌ നടത്തിയ വെരിഫിക്കേഷന്റെയും ക്ലിയറന്‍സിന്റെയും അടിസ്‌ഥാനത്തിലാണു ഹസീനയ്‌ക്ക്‌ പുതിയ പാസ്‌പോര്‍ട്ട്‌ ലഭിച്ചത്‌. ചാവക്കാട്‌ കേസില്‍ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ പല തവണ ഹസീനയുടെ പത്തനാപുരം വിലാസത്തിലും നൂറനാട്‌ വിലാസത്തിലും അന്വേഷണം നടത്തിയിട്ടുണ്ടെന്നു പരാതിയിലുണ്ട്‌. അതിനാല്‍ നൂറനാട്‌ പോലീസിനും ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ചിനും കേസുകളുടെ വിവരം അറിയാമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു.ലണ്ടനിലെ തട്ടുകട റെസ്‌റ്റോറന്റില്‍ പങ്കാളിത്തവാഗ്‌ദാനം നല്‍കി 1.17 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച്‌ 2025 ജൂലൈ നാലിന്‌ ഹസീനയ്‌ക്കും കൂട്ടാളി ബിജു ഗോപിനാഥിനുമെതിരേ പരാതിക്കാരന്‍ സംസ്‌ഥാന പോലീസ്‌ മേധാവിക്ക്‌ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്‌. പുതിയ പാസ്‌പോര്‍ട്ട്‌ റദ്ദ്‌ ചെയ്‌ത്‌ ഹസീനയെ അടിയന്തരമായി ഇന്ത്യയിലെത്തിക്കണമെന്നും നിയമനടപടികള്‍ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്ര ഏജന്‍സികളെ സമീപിക്കാനൊരുങ്ങുകയാണു സുനില്‍. പോലീസ്‌ വേരിഫിക്കേഷന്റെ അടിസ്‌ഥാനത്തിലാണു പാസ്‌പോര്‍ട്ട്‌ പുതുക്കി നല്‍കിയതെന്ന്‌ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു. നൂറനാട്‌ പോലീസിന്റെ നടപടിക്കെതിരേ ആലപ്പുഴ എസ്‌.പിക്കു നല്‍കിയ പരാതിയില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പരാതിക്കാരനുവേണ്ടി അപേക്ഷ നല്‍കിയ മനോജ്‌ കെ. വര്‍ഗീസ്‌ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക