ക്രിമിനല്‍ കേസുകളില്‍ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു.രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനില്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അമിക്കസ് ക്യുറിയായി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ കോടതി നിയമിച്ചു.
കേരളത്തില്‍ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബി എൻ എസ് എസിന്റെ 482 ആം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി.
കേസില്‍ ഒക്ടോബർ 14 ന് വിശദമായ വാദം സുപ്രീം കോടതി കേള്‍ക്കും.ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കേരളത്തില്‍ നിന്ന് മുഹമ്മദ് റസല്‍ എന്ന വ്യക്തി നല്‍കിയ ഹർജി പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ സംസ്ഥാന സർക്കാരിനായി സ്റ്റാന്റിംഗ് കോണ്‍സുല്‍ ഹർഷദ് വി ഹമീദും, മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും ഹാജരായി.

















