തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങള്‍ക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ് അടിമകളായി മാറിയിരിക്കുകയാണ്. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തില്‍ പറഞ്ഞു.
മധുരയില്‍ വെച്ചാണ് വിജയുടെ പാർട്ടിയായ ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്. സിനിമ സ്റ്റൈലില്‍ ആയിരുന്നു സമ്മേളനം ആരംഭിച്ചത്. ജനലക്ഷങ്ങൾ ആണ് മധുരയിൽ സമ്മേളനത്തിനായി അണിനിരന്നത്. പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ എംജിആറിനെ പരാമർശിച്ചു. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണ്. കുറുക്കന്മാർ പലതും കാണും, പക്ഷേ സിംഹം ഒന്നു മാത്രം; അവനാണ് രാജാവ്.
ടിവികെ ആർക്കും തടയാനാകാത്ത ശക്തിയാണ്. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാർത്ഥി. മത്സരം ഡിഎംകയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞു.താൻ രാഷ്ട്രീയത്തില്‍ വരില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് സമ്മേളനം നടത്തില്ലെന്ന് പറഞ്ഞു. ഓരോ തവണയും പുതിയ തിരക്കഥകള്‍ രാഷ്ട്രീയ എതിരാളികള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ എഐഎഡിഎംകെയ്ക്കെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. പരിപാടിയില്‍ കനത്ത ചൂടിലും ജനലക്ഷങ്ങളാണ് പങ്കെടുത്തത്. വിജയ് യുടെ അച്ഛനമ്മമാരും പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത 270 പേർ കുഴഞ്ഞുവീണു.

















