സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം തുടർന്ന് ഷാഫി പറമ്ബില്‍ എം പി. ഇന്ന് രാവിലെ മുതല്‍ മാധ്യമ പ്രവർത്തകർ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഷാഫി കാണാൻ കൂട്ടാക്കിയില്ല. രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്‍റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ ശ്രമിച്ചത്.

രാവിലെ മുതല്‍ ദില്ലിയിലെ ഫ്ലാറ്റിലിരുന്ന ഷാഫി, ഇന്ന് പാർലമെന്‍റിലേക്കും പോയില്ല. മാധ്യമങ്ങള്‍ക്ക് മുഖം തരാതിരുന്ന ഷാഫി, ഫ്ലാറ്റിലേക്ക് മാധ്യമങ്ങളെ കടത്തിവിടാൻ അനുവദിച്ചിരുന്നില്ല. ഒടുവില്‍ വൈകുന്നേരത്തോടെ ഫ്ലാറ്റിനു മുന്നില്‍ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി, ബീഹാറിലേക്ക് പോയെന്നാണ് വിവരം. രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയില്‍ പങ്കെടുക്കാനെന്നാണ് വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടിവന്നതിന് പിന്നാലെ ഷാഫിക്കെതിരെ പാർട്ടിയില്‍ പടനീക്കം ശക്തമായിട്ടുണ്ട്. രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫിയെന്ന പരാതിയടക്കം പാർട്ടിക്കുള്ളില്‍ ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നല്‍കുകയും ചെയ്തു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി, പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കളും സി പി എം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ പാലക്കാടുള്ള എം എല്‍ എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഡി വൈ എഫ് ഐയും പാലക്കാട്ടെ എം എല്‍ എ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫ്ലക്സിന് പ്രവർത്തകർ കരി ഓയില്‍ ഒഴിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവിന്‍റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക