നേമത്ത് കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നില്‍ ഭാര്യയെ മരം വെട്ടുന്ന കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം പുറത്തറിയുന്നത് രാവിലെ 9 മണിയോടെ അടുത്ത വീട്ടിലെ കുട്ടി പഞ്ചസാര കടം വാങ്ങാനായി എത്തിയപ്പോള്‍.പുറത്തുനിന്ന് വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടർന്നാണ് കുട്ടി അകത്തുകയറി ലൈറ്റിട്ട് നോക്കിയത്. ബെ‍ഡ് ഷീറ്റ് പുതച്ചു കിടക്കുന്ന ബിൻസിയെ വിളിച്ചിട്ട് ഉണരാ‌ത്തതിനാല്‍ ഷീറ്റ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തിലും തറയിലും രക്തക്കറ കണ്ടത്. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വീട്ടുകാരോടും നാട്ടുകാരോടും വിവരം പറയുകയായിരുന്നു.

ആംബുലൻസും പൊലീസും എത്തിയതോടെയാണ് സമീപത്തുള്ള മറ്റുള്ളവർ‌ വിവരം അറിഞ്ഞത്. ഇതിനിടെ അടുത്ത വീട്ടില്‍ ഒളിച്ചിരുന്ന സുനിലിനെയും വിളിച്ചു വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശിയാണ് ബിൻസി. നാലു വർഷം മുൻപാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്. അതിനു മുൻപ് പുന്നമൂട്ടിലെ സുനിലിന്റെ വീട്ടിലായിരുന്നു താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ക്ക് ബിൻസിയെ എപ്പോഴും സംശയമായിരുന്നുവെന്നും വീട്ടില്‍ എന്നും വഴക്ക് നടക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കുട്ടികളെയും ക്രൂരമായി മർ‌ദിക്കുമായിരുന്നു. ബുധനാഴ്ച രാത്രി 8 മണിക്കും ഇരുവരും സ്കൂട്ടറില്‍ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയിരുന്നു. എന്താണ് നടന്നതെന്ന് കൂടുതല്‍ അന്വേഷണത്തിലേ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മക്കളെ ബിൻസിയുടെ ബന്ധുക്കളോടൊപ്പം വിടാനാണ് തീരുമാനം.

കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നില്‍ കുന്നത്തുവിള വീട്ടില്‍ ബിൻസിയെ കഴിഞ്ഞ ദിവസമാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. മരംവെട്ടുന്ന കത്തികൊണ്ട് കഴുത്തിനാണു വെട്ടേറ്റത്. ഇവർക്ക് വിദ്യാർഥികളായ രണ്ടു മക്കളുണ്ട്. ഇവർ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം. രാവിലെ ഉണർന്ന മക്കളോട് അമ്മയ്ക്കു പനിയാണെന്നും വിളിക്കേണ്ടെന്നും പറഞ്ഞശേഷം കടയില്‍നിന്നു ഭക്ഷണം വാങ്ങി നല്‍കി സുനില്‍ സ്കൂളിലെത്തിച്ചു. സാധാരണ ബിൻസിയാണ് മക്കളെ സ്കൂളിലെത്തിക്കുന്നത്. അധ്യാപകരോടും ഭാര്യയ്ക്കു സുഖമില്ലെന്നു സുനില്‍ പറഞ്ഞു.

അതിനുശേഷം ആളില്ലാത്ത അടുത്ത വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. നാട്ടുകാർ എത്തി ഇയാളെയും കൂട്ടിയാണ് ബിൻസിയെ ആംബുലൻസില്‍‌ ആശുപത്രിയില്‍ എത്തിച്ചത്. സംശയംതോന്നിയ പൊലീസ് ആശുപത്രിയില്‍ വച്ച്‌ ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി. ഹരിതകർമസേന ജീവനക്കാരിയാണ് ബിൻസി. കൂലിപ്പണിക്കാരനാണ് സുനില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക