പേരാമ്ബ്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. കോട്ടയം കുമരനല്ലൂര്‍ സ്വദേശി രാഹുലിനെയാണ് പേരാമ്ബ്ര പൊലീസ് രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

പേരാമ്ബ്രയിലെ കോളേജ് അധ്യാപക ദമ്ബതികളുടെ മകന്‍റെ ട്യൂഷന്‍ അധ്യാപകനായിരുന്നു കോട്ടയം സ്വദേശി രാഹുല്‍. പേരാമ്ബ്രയിലെ ട്യഷന്‍ കേന്ദ്രത്തില്‍ വെച്ച്‌ കുട്ടിയുടമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ 2022ല്‍ കടമായി ചെറിയ തുക വാങ്ങി. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ ഗൂഗിള്‍പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണമയപ്പിച്ചു. ഇതിനു പുറമേ വീട്ടില്‍ നിന്നും പണം നിര്‍ബന്ധിച്ച്‌ എടുത്തു കൊണ്ടു വരാനും ആവശ്യപ്പെട്ടു.ഇങ്ങനെ പത്തു ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം അക്കൗണ്ടില്‍നിന്നും നഷ്ടമായ വിവരമറിഞ്ഞപ്പോളാണ് 2023 ഫെബ്രുവരിയില്‍ പരാതിയുമായി രക്ഷിതാക്കള്‍ പേരാമ്ബ്ര പൊലീസിലെത്തിയത്. ഉത്തര്‍ പ്രദേശുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ച്‌ അന്വേഷണം ഏറെ നടത്തിയെങ്കിലും രണ്ടു വര്‍ഷമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടക്കാണ് പ്രതി വാരണാസിയില്‍ എത്തിയെന്ന് പൊലീസിന് വിവരം കിട്ടിയത്. പേരാമ്ബ്ര പൊലീസ് വാരണാസിയിലെത്തിയപ്പോഴേക്കും അവിടെ നിന്നും മുങ്ങി.

പിന്നീട് ചില സൂചനകളെ തുടർന്ന് പേരാമ്ബ്ര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എം സുനില്‍ കുമാറും, ചന്ദ്രനും തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തിയതില്‍ കുറ്റിച്ചാല്‍ എന്ന സ്ഥലത്തുള്ള ഒരു അമ്ബലത്തില്‍ ഭാഗവത സപ്താഹ ദിവസം താടിയും മുടിയും നീട്ടി പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ വന്ന് പോയതായി വിവരം ലഭിച്ചു. ഇങ്ങനെ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ അച്ഛന്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്തി. രാത്രി മണിക്കൂറുകളോളം പ്രതിയുടെ സാന്നിധ്യത്തിനായി പോലീസ് സംഘം കാത്തിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസ് സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക