പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളിലെ ഗുരുതര സുരക്ഷാ പാളിച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയിൽ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്ന നഗരസഭ ചെയർമാൻ തോമസ് പീറ്ററുടെ ശൈലി അസ്ഥാനത്ത് ആല് കിളിത്തപ്പോൾ തണലായി കാണുന്നവരുടെ രീതിയിൽ എന്ന് കോൺഗ്രസ് പാലാമണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാട്ട്. നഗരപിതാവിന്റെ നാണംകെട്ട ശൈലി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രി പൂട്ടിക്കാൻ അല്ല അവിടെ എത്തുന്നവർക്ക് സുരക്ഷ ഒരുക്കുവാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
കോട്ടയം മെഡിക്കൽ കോളേജിൽ അടക്കം ഉണ്ടായ ദുരന്തങ്ങളുടെയും സുരക്ഷാ വീഴ്ചകളുടെയും പശ്ചാത്തലത്തിൽ നഗരസഭ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കെട്ടിടങ്ങൾ സുരക്ഷിതമാക്കണമെന്നുമുള്ള ആവശ്യമാണ് ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ മുന്നോട്ടുവച്ചത്.
എന്നാൽ സ്വന്തം കഴിവുകേട് മറക്കാൻ പ്രതിപക്ഷത്തെ രാഷ്ട്രീയം പറഞ്ഞു പഴിചാരുന്ന സമീപനമാണ് ചെയർമാൻ സ്വീകരിച്ചത്. പാലാ നഗരസഭാ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത കണ്ടു കൊണ്ടിരിക്കുന്ന ജനങ്ങൾ തെരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടി നൽകും എന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ തന്നെ യുഡിഎഫിന് ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് നടത്തേണ്ട ആവശ്യവുമില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ഉയർത്തിക്കൊണ്ടുവന്ന മുഴുവൻ ജനകീയ വിഷയങ്ങളിലും നഗരസഭാ ഭരണസമിതിയെ മുട്ടുകുത്തിക്കുവാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഇത് അറിയില്ലാത്ത ആളല്ല തോമസ് പീറ്റർ.
സ്ഥാനം നേടിയെടുക്കുവാൻ പാർട്ടിക്കാരെ പണക്കൊഴുപ്പിന്റെ ആനുകൂല്യത്തിൽ വിലക്കടുത്ത് പാർട്ടിയുടെ മുതിർന്ന നേതാവിനെ കാലിൽ വാരി നിലത്തടിച്ച പീറ്റർ കോൺഗ്രസിനെയും യുഡിഎഫിനെയും രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട കാര്യമില്ല. ആശുപത്രിയുടെ അദ്ദേഹം കയ്യേറിയിട്ടുള്ള സ്ഥലം വിട്ടുകൊടുത്തിട്ട് വേണം തോമസ് പീറ്റർ ചാരിത്ര്യ പ്രസംഗം നടത്താൻ എന്നും തോമസുകുട്ടി നെച്ചിക്കാട്ട് ചൂണ്ടിക്കാട്ടി.
പരസ്പരം തമ്മിൽ തല്ലി തലകീറാൻ നിൽക്കുന്ന പാലാ മുനിസിപ്പൽ ഭരണപക്ഷത്തിന്റെ മഹത്ത്വം നാടെങ്ങും ടിവിയിലൂടെ വെളിപ്പെട്ടതാണ്. അഴിമതിക്കാരുടെ മുന്നണിയാണ് പാലാ നഗരസഭ ഭരിക്കുന്നത് എന്ന് നാട്ടുകാർ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് മുന്നണി റെക്കോർഡ് ഭൂരിപക്ഷം നേടുമെന്നും തോമസുകുട്ടി അവകാശപ്പെട്ടു.

















