കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോതില്‍ ‘വോട്ട് മോഷണം’ നടന്നെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം ആരോപിച്ചത്. ബെംഗളൂരു സെൻട്രല്‍ ലോക്സഭ മണ്ഡലത്തില്‍ വൻതോതില്‍ വോട്ട് മോഷണം നടത്തിയാണ് ബിജെപി കോണ്‍ഗ്രസിനെതിരേ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു സെൻട്രല്‍ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ മാത്രം 1,00,250 വോട്ടുകള്‍ കവർന്നെടുക്കപ്പെട്ടെന്ന് രാഹുല്‍ഗാന്ധിയുടെ ആരോപണം. ഇരട്ടവോട്ടർമാർ, വ്യാജമായതോ നിലവില്ലാത്തതോ ആയ വിലാസത്തിലുള്ള വോട്ടർമാർ, ഒരുവിലാസത്തില്‍ തന്നെ നിരവധി വോട്ടർമാർ, അസാധുവായ ഫോട്ടോകളുള്ള വോട്ടർമാർ, ഫോം 6-ന്റെ ദുരുപയോഗം എന്നിങ്ങനെ വിവിധ വഴികളിലൂടെയാണ് വോട്ടർപട്ടികയില്‍ ക്രമക്കേട് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തെളിവുകളും വ്യാഴാഴ്ച വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കർണാടകയിലെ 16 ലോക്സഭ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടല്‍. പക്ഷേ, 9 മണ്ഡലങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ വിജയിച്ചത്. അതോടെ അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെൻട്രലിലും അതില്‍ ഉള്‍പ്പെട്ട മഹാദേവപുര നിയസഭ മണ്ഡലത്തിലും പരിശോധന നടത്തി.

ഈ അന്വേഷണത്തിലാണ് വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെൻട്രല്‍ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് 6,26,208 വോട്ടും ബിജെപിക്ക് 6,58,915 വോട്ടുമാണ് ലഭിച്ചത്, 32,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചു. ഈ ലോക്സഭ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് 1,15,586 വോട്ടും ബിജെപിക്ക് 2,29,632 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ ലീഡ് 1,14,046.

മഹാദേവപുരയിലെ വോട്ടുകള്‍ മാറ്റിനിർത്തിയാല്‍ മാത്രം കോണ്‍ഗ്രസിന് ഈ ലോക്സഭ മണ്ഡലത്തില്‍ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 82,000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, മഹാദേവപുരയിലെ ഒരുലക്ഷത്തിലേറെ വോട്ടിന്റെ ലീഡിന്റെ ബലത്തില്‍ ബിജെപി ബെംഗളൂരു സെൻട്രല്‍ ലോക്സഭാ സീറ്റില്‍ ജയിക്കുകയായിരുന്നു. മഹാദേവപുരയിലെ വോട്ടില്‍ വലിയ അസന്തുലിതാവസ്ഥയാണുണ്ടായത്. ഇതോടെ മഹാദേവപുരയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി.

മഹാദേവപുരയില്‍ മാത്രം 1,00,250 വോട്ടുകളിലാണ് ക്രമക്കേട് നടന്നത്. കണക്കുകൾ ഇങ്ങനെ:

  • ഇരട്ടവോട്ടർമാർ- 11965
  • വ്യാജമോ അസാധുവോ ആയ വിലാസത്തിലുള്ള വോട്ടർമാർ- 40,009
  • ഒരുവിലാസത്തിലുള്ള നിരവധിവോട്ടർമാർ- 10452
  • അസാധുവായ ഫോട്ടോയുള്ള വോട്ടർമാർ- 4132
  • ഫോം 6 ദുരുപയോഗംചെയ്ത വോട്ടർമാർ- 33,692

ഇരട്ടവോട്ടർമാർ ഇങ്ങനെ: ഗുർകിരാത് സിങ് ഡാങ് എന്ന പേരിലുള്ള വോട്ടർ മാത്രം നാല് വ്യത്യസ്ത പോളിങ് ബൂത്തുകളിലെ വോട്ടർപട്ടികയില്‍ ഇടംപിടിച്ചു. ഇങ്ങനെ ആയിരക്കണക്കിന് പേർ മണ്ഡലത്തിലുണ്ട്. ആദിത്യ ശ്രീവാസ്തവ എന്നയാള്‍ 458,459 എന്നീ ബൂത്തുകളില്‍ വോട്ട്ചെയ്തു. ഇതേയാള്‍ ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും വോട്ടർപട്ടികയിലും ഉണ്ട്. അവിടെയും ഇയാള്‍ വോട്ട് ചെയ്തു. ഇത്തരത്തില്‍ 11965 പേരാണ് വോട്ടർപട്ടികയിലുള്ളത്.

വ്യാജവിലാസം: വ്യാജമായ വിലാസമാണ് വോട്ടർപട്ടികയിലെ പലർക്കുമുള്ളത്. വീട്ടുനമ്ബറിന്റെ സ്ഥാനത്ത് പൂജ്യം എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയും ആയിരക്കണക്കിന് പേരുണ്ട്. പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രം ചേർത്തവരുമുണ്ട്. ഒരാളുടെ പിതാവിന്റെ പേരിൻറെ സ്ഥാനത്ത് ചില ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. മറ്റൊന്ന് നിലവിലില്ലാത്ത വിലാസമാണ്. അവിടെപോയി അന്വേഷിച്ചപ്പോള്‍ അങ്ങനെ ആളുകളേ ഇല്ല. അല്ലെങ്കില്‍ ആ വിലാസം ഒരിക്കലും കണ്ടെത്താനാകില്ല. 40,009 വോട്ടർമാർ ഇങ്ങനെയുള്ളവരാണ്.

ഒരേവിലാസത്തില്‍ മാത്രം നിരവധി വോട്ടർമാർ: ഒരു വീട്ടുനമ്ബറിലുള്ളത് 80 വോട്ടർമാരാണ്. മറ്റൊരിടത്ത് ഇതുപോലെ ഒരുവിലാസത്തില്‍ 46 വോട്ടർമാരും. പക്ഷേ, ആ വിലാസത്തില്‍ അവരൊന്നും താമസിക്കുന്നില്ല. ഒരു ബ്രൂവറിയുടെ വിലാസത്തില്‍ മാത്രം 68 വോട്ടർമാരുണ്ട്. പക്ഷേ, അവിടെപോയി അന്വേഷിച്ചപ്പോള്‍ ഇവരെയൊന്നും അവർക്ക് അറിയുകപോലുമില്ല. അങ്ങനെ ആള്‍ക്കാരുമില്ല. ‘153 ബിയർ ക്ലബ്’ എന്നാണ് ഇത്തരത്തില്‍ ചേർത്ത വിലാസങ്ങളിലൊന്ന്. 10452 വോട്ടർമാർ ഇങ്ങനെയുണ്ട്.

അസാധുവായ ഫോട്ടോകള്‍: വോട്ടർപട്ടികയിലെ നാലായിരത്തോളം പേർക്ക് ഫോട്ടോയില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ ഫോട്ടോ വളരെ ചെറുതും അവ്യക്തവുമാണ്. ഇത്തരത്തില്‍ മൈക്രോസൈസ് ഫോട്ടോയുള്ള നിരവധിപേരാണ് വോട്ടർപട്ടികയിലുള്ളത്. ഇങ്ങനെ 4132 വോട്ടർമാരാണുള്ളത്.

ഫോം 6 ദുരുപയോഗം: വോട്ടർപട്ടികയില്‍ ആദ്യമായി പേര് ഉള്‍പ്പെടുത്താനായി 18 വയസ്സ് തികഞ്ഞവർ നല്‍കുന്ന അപേക്ഷയാണ് ഫോം 6. ഇത്തരത്തില്‍ ഫോം 6 ഉപയോഗിച്ച്‌ വോട്ടർപട്ടികയില്‍ പേരുചേർത്ത ഒരാളാണ് ‘ഷഖുൻ റാണി’. ഇവരുടെ വയസ്സ് 70. ഇവരുടെ ഫോട്ടോ കണ്ടാല്‍ത്തന്നെ പുതിയ വോട്ടർ അല്ലെന്ന് മനസിലാകും. ഇവർ രണ്ടുതവണയാണ് ഫോം 6 ഉപയോഗിച്ച്‌ വോട്ടർപട്ടികയില്‍ പേര് ചേർത്തത്. 13.09.2023-ലും 31.10.2023 ലും ഫോം 6 ഉപയോഗിച്ചു വോട്ടർപട്ടികയില്‍ ചേർത്തു. രണ്ടുവോട്ട് ചെയ്യുകയുംചെയ്തു. ഇവരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആയിരിക്കും വോട്ട് ചെയ്തിട്ടുണ്ടാവുക. ഇങ്ങനെ 33692 പേരാണ് വോട്ടർപട്ടികയിലുള്ളത്. 98,95 വയസ്സുള്ളവരെല്ലാം ഫോം 6 ഉപയോഗിച്ച്‌ വോട്ടർപട്ടികയില്‍ പേര് ചേർത്തിട്ടുണ്ട്, രാഹുല്‍ഗാന്ധി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക