തെളിവില്ലെന്ന് കാണിച്ച് വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് ഒതുക്കിതീർക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഇടപെട്ടതിന്റെ നിർണ്ണായക വിവരങ്ങള്‍ പുറത്ത്. കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി നേരിട്ട് അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. അന്ന് ആലപ്പുഴ എസ്.പിയായിരുന്ന ചൈത്രാ തെരേസാ ജോണിന്റെ ഫോണിലേക്കാണ് എ.ഡി.ജി.പിയുടെ വിവാദ സന്ദേശം എത്തിയത്.ഉന്നതതലത്തില്‍ നിന്ന് ലഭിച്ച ഈ സന്ദേശം എ.ഡി.ജി.പി അയച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ചൈത്രാ തെരേസ ജോണ്‍ ഇത് ചേർത്തല ഡിവൈ.എസ്.പിക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു.
വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളുള്ള കേസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അട്ടിമറിക്കാൻ ശ്രമിച്ച സാഹചര്യത്തില്‍ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ പുതിയ കേസെടുക്കാനും സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കേസ് അട്ടിമറിക്കാൻ വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ അയച്ച സംഭവം ആഭ്യന്തര വകുപ്പിലും വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
“എസ്.ഐ.ടി റിപ്പോർട്ട് പൊലീസ് മേധാവി പരിശോധിച്ച് സർക്കാരിന് കൈമാറും. തനിയ്ക്ക് റിപ്പോർട്ട് കിട്ടിയാലുടൻ തുടർനടപടികളുണ്ടാവും”— രമേശ് ചെന്നിത്തല, ആഭ്യന്തരമന്ത്രി
















