കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയും കഴിഞ്ഞ ദിവസം കൊച്ചി സെൻട്രല്‍പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ യുവതിക്കും ഭർത്താവിനും ഇന്നലെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കാനൊരുങ്ങുകയാണ് ഹണിട്രാപ് കേസില്‍ പ്രതിയായ യുവതി. ഹണിട്രാപ് ആരോപണം വ്യാജമാണെന്നും വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് പരാതിക്കാരിയായ യുവതി. ആദ്യ ഘട്ടത്തില്‍ കൈമാറിയ 50000 രൂപ തനിക്ക് ബാക്കി കിട്ടാനുള്ള ശമ്ബള കുടിശികയാണെന്നും യുവതി മൊഴി നല്‍കി.
വ്യവസായിയുടെ ലൈംഗിക അതിക്രമം കാരണമാണ് വിവാഹ ശേഷം യുവതി ജോലി രാജി വെച്ചതെന്നും, വിവരം അറിഞ്ഞ ഭർത്താവ് ഐ ടി വ്യവസായിക്ക് എതിരെ പൊലീസ് പരാതി നല്‍കാനൊരുങ്ങി. ഇതോടെയാണ് യുവതിക്കും ഭർത്താവിനുമെതിരെ ഹണിട്രാപ്പ് പരാതിയുമായി ഐടി വ്യവസായി എത്തിയതെന്നാണ് അഭിഭാഷകൻ പറയുന്നത്. യുവതി ഹോട്ടലില്‍ ഭർത്താവുമായി എത്തിയത് സർട്ടിഫിക്കറ്റ് തിരികെ വാങ്ങാനാണ്.
20 കോടി രൂപയുടെ ചെക്ക് കൈമാറ്റം നടന്നിട്ടില്ലെന്നും, ഹോട്ടലിലെ സിസിടിവി പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. യുവതിയും ഭർത്താവും ഹോട്ടലില്‍ എത്തിയതും ഉടൻ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും അഡ്വ. പ്രമോദ് പറഞ്ഞു.

















