രണ്ട് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത സെബാസ്റ്റ്യൻ ചോദ്യംചെയ്യലില്‍ മൗനം തുടരുന്നു.കഴിഞ്ഞദിവസം ചേർത്തല പള്ളിപ്പുറത്തെ ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതേക്കുറിച്ചൊന്നും സെബാസ്റ്റ്യൻ കൂടുതലായി പറയാൻ തയ്യാറില്ലെന്നാണ് വിവരം. അതേസമയം, കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം ഡിഎൻഎ പരിശോധനയിലേക്ക് നീങ്ങുകയാണ്.

കോട്ടയം ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങുംതറവീട്ടില്‍ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികളടങ്ങിയ അവശിഷ്ടം മനുഷ്യന്റേതാണെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചേർത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പദ്മനാഭൻ (47) കാണാതായ കേസിലെ പ്രതിയും കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ചിന്റെ സംശയനിഴലിലുള്ളയാളുമാണ് സെബാസ്റ്റ്യൻ. ജൈനമ്മയുടെ ബന്ധുക്കളുടെ പരാതിയില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തതില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെമുതല്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധന തുടങ്ങിയത്. ഉച്ചയ്ക്കുശേഷമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പോലീസ് പൂർണമായും ബന്തവസ്സിലാക്കി.

ശാസ്ത്രീയ പരിശോധനാസംഘവും വിരലടയാളവിദഗ്ധരുമടങ്ങുന്ന സംഘത്തിന്റെ പരിശോധന രാത്രി വൈകിയും തുടർന്നു. ബിന്ദുപത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി കെ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ലഭിച്ച അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ ഇതു കാണാതായ സ്ത്രീകളിലാരുടേതെങ്കിലുമാണോയെന്നു തിരിച്ചറിയാനാകൂ.

കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദു പദ്മനാഭനെ 2002 മുതല്‍ കാണാനില്ലെന്നുകാട്ടി 2017-ലാണ് സഹോദരൻ പ്രവീണ്‍ പോലീസില്‍ പരാതിനല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഇതിനുത്തരവാദിയെന്നായിരുന്നു പരാതി. ഇതില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.

ഏറ്റുമാനൂർ കോട്ടമുറി ജൈനമ്മയെ 2024 ഡിസംബർ 23 മുതലാണ് കാണാതായത്. 28-ന് സഹോദരൻ സാവിയോ മാണിയും പിന്നീട് ഭർത്താവ് അപ്പച്ചനും പോലീസില്‍ പരാതിനല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അവസാനമായി പള്ളിപ്പുറത്താണ് കണ്ടെത്തിയത്. ഇതും സെബാസ്റ്റ്യനെ സംശയിക്കാൻ കാരണമായി. പോലീസ് ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ സെബാസ്റ്റ്യന്റെ സഹായി ചേർത്തല സ്വദേശി ഓട്ടോ ഡ്രൈവർ മനോജിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിർണായകമായി ഫോണ്‍…

ജൈനമ്മയുടെ തിരോധാനത്തില്‍ ഇവരുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് നിർണായകമായത്. ജൈനമ്മയെ കാണാതായെന്ന് വീട്ടുകാർ പരാതി നല്‍കിയശേഷം ഈരാറ്റുപേട്ടയില്‍വെച്ചും പള്ളിപ്പുറത്തുവെച്ചും ഫോണ്‍ ഓണായതായി കണ്ടെത്തി. ഈരാറ്റുപേട്ടയിലെ ഒരുകടയില്‍നിന്ന് ഫോണ്‍ ചാർജ്ചെയ്തെന്നും വ്യക്തമായി. അന്വേഷണത്തില്‍ സെബാസ്റ്റിയനാണ് ഫോണ്‍ ചാർജ് ചെയ്തതെന്ന് മനസിലായി. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇനി ഡിഎൻഎ പരിശോധന, മൗനം തുടർന്ന് സെബാസ്റ്റിയൻ…

തിങ്കളാഴ്ച പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടം ജൈനമ്മയുടേതാണോ എന്ന് കണ്ടെത്താനായി ഡിഎൻഎ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഡിഎൻഎ പരിശോധനയ്ക്കായി ജൈനമ്മയുടെ സഹോദരന്റെയും സഹോദരിയുടെയും സാമ്ബിളുകള്‍ ചൊവ്വാഴ്ച ശേഖരിക്കും. അതേസമയം, അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലില്‍ സെബാസ്റ്റിയൻ മൗനം തുടരുന്നതായാണ് വിവരം.

ബിന്ദു പദ്മനാഭന്റെ തിരോധാനം…

2002 മുതല്‍ കാണാതായ ചേർത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പദ്മനാഭൻ ഉത്തരമില്ലാത്ത ചോദ്യമായിത്തുടരുന്നു. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പദ്മനാഭൻ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നു കണ്ടെത്താനായിട്ടില്ല.

സംഭവത്തില്‍ അഞ്ചു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. 11 പേരെ പ്രതിയാക്കി. ഇവരെല്ലാം അറസ്റ്റിലായി ജാമ്യത്തിലിറങ്ങി. പോലീസ് ചോദ്യംചെയ്യാൻ വിളിച്ച ഓട്ടോ ഡ്രൈവറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ക്കണ്ടെത്തി. രണ്ടുമാസത്തോളം നടന്ന അന്വേഷണം ഒടുവില്‍ ക്രൈംബ്രാഞ്ചിനു കൈമാറി. കേസില്‍ മുഖ്യപ്രതിയായി ഉള്‍പ്പെടുത്തിയ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സെബാസ്റ്റ്യൻ 2017-ല്‍ ബിന്ദുവിനെ കണ്ടതായി അറിയിച്ചെങ്കിലും സ്ഥിരീകരണമുണ്ടായില്ല.

2017-ലെ സാധാരണ പരാതി

ഇറ്റലിയിലായിരുന്ന സഹോദരൻ പ്രവീണ്‍ 2017 സെപ്റ്റംബർ 16-നാണ് സഹോദരിയെ കാണാതായതായി അഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. 2013-നുശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നു കാട്ടിയായിരുന്നു പരാതി. പ്രവീണ്‍ ഇറ്റലിയിലേക്കു പോയതോടെ സഹോദരിയുമായി അടുപ്പമില്ലായിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ഇവർ ഒറ്റയ്ക്കായി.

കോടികളുടെ സ്വത്തുക്കളുണ്ടായിരുന്ന ബിന്ദുവിന്റെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലാകുകയും ഇവരെപ്പറ്റി വിവരങ്ങളില്ലായിരിക്കുമ്ബോഴും ഇവരുടെപേരില്‍ രജിസ്ട്രേഷനടക്കം നടന്നതായ വിവരങ്ങളുമാണ് സംശയങ്ങളുയർത്തിയത്. ഇതോടെയാണ് സഹോദരൻ നാട്ടിലെത്തി പരാതി നല്‍കിയത്. ഇതില്‍ ഇടപ്പള്ളിയിലുള്ള ഭൂമിയിടപാടാണ് ഏറെ കോളിളക്കമായത്. ഇതിലടക്കം പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനുനേരേ രേഖകള്‍ പ്രകാരമാണ് പരാതികള്‍ നല്‍കിയിരുന്നത്.

ബിന്ദുവിന്റെ പേരിലുള്ള വ്യാജമുക്ത്യാർ

ഇടപ്പള്ളിയില്‍ കോടികളുടെ വിലവരുന്ന ബിന്ദുവിന്റെ പേരിലുള്ള ഭൂമി സെബാസ്റ്റ്യനു മുക്ത്യാർ നല്‍കി വിറ്റതാണ് അന്വേഷണത്തില്‍ നിർണായകമായത്. മുക്ത്യാർ വ്യാജമായുണ്ടാക്കിയെന്നാണു പോലീസ് കണ്ടെത്തിയത്. ബിന്ദുവിന്റെ ഫോട്ടോയ്ക്കുപകരം ചേർത്തല മാടയ്ക്കല്‍ സ്വദേശിനിയായ മിനി(ജയ)യുടെ ഫോട്ടോയും വ്യാജ ഒപ്പുമായാണ് ഇടപാടുകള്‍. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്നു നിലനില്‍ക്കുന്നുണ്ട്. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പദ്മനാഭൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും കണ്ടെത്താനായിട്ടില്ല. സെബാസ്റ്റ്യനടക്കമുള്ള പ്രതികളെല്ലാം പിടിയിലായിട്ടും ബിന്ദുവിനെക്കുറിച്ചുമാത്രം വിവരങ്ങളില്ല. ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്നുതന്നെയാണ് പോലീസിന്റെയും നിഗമനമെങ്കിലും മരിച്ചതായും കണ്ടെത്താനായില്ല. 2013 മുതല്‍ കാണാനില്ലെന്നാണു പരാതിയെങ്കിലും 2007 മുതല്‍ വിവരങ്ങളില്ലെന്നാണു കണ്ടെത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക