അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കും. ജഗദീഷും ശ്വേത മേനോനും നേർക്കുനേർ മത്സരിക്കും. ഇരുവരും നാമനിർദേശപത്രിക നല്‍കി. നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നടൻ ജോയ് മാത്യു നോമിനേഷൻ നൽകിയിരുന്നെങ്കിലും അത് സൂക്ഷ്മ പരിശോധനയിൽ തള്ളിയെന്നാണ് റിപ്പോർട്ട്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക നല്‍കി. ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, തുടങ്ങിയവരും വിവിധ പദവികളിലേക്ക് പത്രിക നല്‍കി. അമ്മ ഓഫീസില്‍ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്.
ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും എതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങള്‍ ഉയർന്നതോടെ കമ്മിറ്റിയും സംഘടനയും ആകെ പ്രതിസന്ധിയിലായി. താരങ്ങള്‍ക്ക് നേരെയും സംഘടനയ്ക്ക് നേരെയും പലഭാഗത്ത് നിന്നും ചോദ്യങ്ങള്‍ ഉയർന്നു.മോഹൻലാലിന്റെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും സംഘടനാ പൊതുസമൂഹത്തില്‍ നാമമാത്രമായി. ബാബുരാജിനെ താത്ക്കാലിക ജനറല്‍ സെക്രട്ടറിയാക്കി പ്രവർത്തനങ്ങള്‍ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി സംഘടനയിലാകെ പടർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്.
കഴിഞ്ഞമാസം നടന്ന ജനറല്‍ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. 31 വർഷത്തെ ചരിത്രത്തില്‍ കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്. പത്രിക സമർപ്പിക്കാനുള്ള കാലാവധി ഒരാഴ്ച പൂർത്തിയാകുമ്ബോള്‍ വലുപ്പച്ചെറുപ്പം ഇല്ലാതെ നിരവധി താരങ്ങളാണ് രംഗത്തുള്ളത്.

















