വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്‍റെ ലാഭം കൊയ്യാൻ തമിഴ്നാട് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങള്‍ തള്ളും ചർച്ചയും അവകാശവാദങ്ങളും പിആർ സ്റ്റണ്ടുകളുമായി മുന്നോട്ടു പോകുകയാണ് കേരള സർക്കാർ. കേരളത്തിൽ പ്രഖ്യാപനങ്ങൾ നടക്കുമ്പോൾ തൊട്ട് സംസ്ഥാനമായ തമിഴ്നാട് വിഴിഞ്ഞം പോർട്ടിന്റെ ആനുകൂല്യം മുതലെടുക്കാൻ വ്യവസായ പാർക്ക് നിർമിക്കാനിയി തിരുനെല്‍വേലിയില്‍ മാത്രം 2300 ഓളം ഏക്കർ വസ്തു ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതായാണറിവ്.
15 വർഷത്തേക്കു പാട്ടവ്യവസ്ഥയില്‍ ഏറ്റെടുക്കുന്ന ഒരു ഏക്കർ വസ്തുവിന് ഒരു കോടിയെന്ന കണക്കില്‍ വാടകയും ഭൂമി വിട്ടുനല്‍കുന്ന ആള്‍ക്ക് തൊഴിലും എന്നാണ് വ്യവസ്ഥ. വർഷം തോറും 20 ശതമാനം വാടക വർധനയും വ്യവസ്ഥയിലുള്ളതായും അറിയുന്നു. കേരളം ഉണർന്നു പ്രവർത്തിച്ചില്ലെങ്കില്‍ കൊച്ചിയില്‍ നടന്ന കോണ്‍ക്ലേവിന്‍റെ ഫലം മുഴുവനും തമിഴ്നാടും കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൊണ്ടുപോകുമെന്നാണു വിലയിരുത്തല്‍.
കേരളം നഷ്ടപ്പെടുത്തുന്ന സുവർണ്ണാവസരം ഇങ്ങനെ
അടിസ്ഥാന വികസനങ്ങളായ റോഡും റെയില്‍വേയും നിർമിച്ചു കരമാർഗമുള്ള ഗതാഗതം പൂർണ തോതില്‍ ആരംഭിച്ചാല്‍ കേരളത്തിലേക്കു വരാൻ നിരവധി വിദേശ കമ്ബനികളാണു തയാറെടുക്കുന്നത്. വെയർഹൗസ്, ഗോഡൗണ്‍, ഓഫീസുകള്‍ എന്നിവക്കായി നിരവധി കമ്ബനികളുടെ ഏജന്‍റുമാർ വിഴിഞ്ഞത്തിനും സമീപ പഞ്ചായത്തുകളിലും ജില്ലയുടെ വിവിധയിടങ്ങളിലുമായി ഏക്കർ കണക്കിനു ഭൂമികള്‍ കണ്ടുവച്ചെങ്കിലും ഏറ്റെടുക്കല്‍ നടന്നിട്ടില്ല. കരമാർഗമുള്ള കണ്ടെയ്നർ നീക്കം ഇനിയും അനിശ്ചിതമായി നീണ്ടാല്‍ കേരളത്തിന്‍റെ വികസന സ്വപ്നത്തിനു തിരിച്ചടിയാകും.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ലാഭം സർക്കാരും ജനങ്ങളും അനുഭവിക്കണമെങ്കില്‍ നിർദിഷ്ട റിംഗ് റോഡും അനുബന്ധ വികസന പാർക്കുകളും റെയില്‍വേയും യാഥാർഥ്യമാകണം. ഇവക്കായി ഒരുതുണ്ട് ഭൂമി പോലും ഏറ്റെടുക്കാൻ സർക്കാരിനായിട്ടില്ല. അളവും നോട്ടിഫിക്കേഷനും കഴിഞ്ഞ് അധികൃതരുടെ ഇടവിട്ടുള്ള കൂടിക്കാഴ്ചകളും തുടരുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് റിംഗ് റോഡ് ആക്ഷൻ കൗണ്‍സില്‍ പ്രതിനിധികളും പറയുന്നു. ഇക്കഴിഞ്ഞ 10നു നടന്ന കൂടിക്കാഴ്ചയിലും റിംഗ് റോഡിനായുള്ള ഭൂമി എന്നുമുതല്‍ ഏറ്റെടുക്കുമെന്നതിനും അധികൃതർക്ക് മറുപടി നല്‍കാനായില്ല. ഒരു റോഡിനുള്ള ഭൂമി പോലും ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി കേരളത്തിന് ഇല്ലാതിരിക്കുമ്ബോഴാണ് അന്യ സംസ്ഥാനങ്ങള്‍ ഇതു മുതലെടുത്തുള്ള വികസന പ്രവർത്തനവുമായി അധിവേഗം മുന്നോട്ടു കുതിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്ബോള്‍ 400-ല്‍പ്പരം കപ്പലുകളില്‍ നിന്നായി എട്ട് ലക്ഷത്തോളം കണ്ടെയ്നറുകള്‍ കൈകാര്യംചെയ്തു. പൊതുവില്‍ കിട്ടുന്ന നികുതിയായ ജിഎസ്ടി അല്ലാതെ ഒരു രൂപ പോലും കേരളത്തിനില്ല. എന്നാല്‍ വിഴിഞ്ഞത്തു നിന്നുള്ള കണ്ടെയ്നർ കൈകാര്യം ചെയ്ത വകയില്‍ തമിഴ്നാട് തൂത്തുക്കുടി തുറമുഖത്തിനു പോലും വരുമാനമായി കോടികൾ കിട്ടിയതായും ബന്ധപ്പെട്ടവർ പറയുന്നു.
കൂറ്റൻ മദർഷിപ്പുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തുനിന്ന് ഫീഡർഷിപ്പുകളില്‍ കടല്‍ മാർഗം മറ്റ് തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന പതിവിന് എന്നു മാറ്റം വരുമെന്ന് അധികൃതർക്ക് ഒരു നിശ്ചയവുമില്ല. കടല്‍ക്കരയില്‍വന്ന് വികസനം കണ്ടു മടങ്ങുന്ന അധികൃതർ കരയിലെ വികസനമില്ലായ്മയെ കണ്ടില്ലന്നു നടിക്കുകയാണ്.
വിഴിഞ്ഞം കണ്ട് തമിഴ്നാട്ടിൽ എത്തുന്നത് ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം
വിഴിഞ്ഞം തുറമുഖം ലക്ഷ്യം വച്ച് സാംസങ് മൊബൈലും, ഹ്യൂണ്ടായ് മോട്ടോഴ്സും പോലുള്ള മൾട്ടി നാഷണലുകളുടെ നിർമ്മാണ പ്ലാന്റും കണ്ടെയ്നർ നിർമാണ കമ്ബനിക്കായി സിഎംഎയുമെല്ലാം തമിഴിനാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്ബോഴും കേരളത്തിന് അനക്കമില്ല. കർണാടകയിലെ ഒൻപതും തമിഴ്നാട്ടിലെ ആറും ജില്ലകള്‍ക്കു വിഴിഞ്ഞം തുറമുഖം കൊണ്ട് വികസനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കർണാടകയിലെ നഞ്ചംകോട് മുതല്‍ വിഴിഞ്ഞത്തേക്ക് പ്രത്യേക പാത നിർമിക്കാൻ കർണ്ണാടക സർക്കാർ ശ്രമം തുടങ്ങിയെന്നുമറിയുന്നു.

















