വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കടുത്ത മത്സരം നടക്കുമെന്ന് വിലയിരുത്തപ്പെടുന്ന നഗരസഭ പാലായാണ്. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ മാണി ഗ്രൂപ്പിന് കഴിഞ്ഞ വട്ടം നഗരസഭ പിടിക്കാനായെങ്കിലും ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. നഗരസഭയിലെ ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. അഞ്ചുവർഷത്തിനിടെ നാല് ചെയർമാൻമാരെയും മൂന്ന് വൈസ് ചെയർപേഴ്സൺമാരെയും നിയമിച്ചതും, ഭരണമുന്നണിയിലെ തമ്മിൽ തല്ലും, നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധിയും, അഴിമതി ആരോപണവും എല്ലാം മാണി ഗ്രൂപ്പിനും ഇടതുമുന്നണിക്കും വെല്ലുവിളിയാണ്.

നഗരസഭയിലെ 26 വാർഡുകളിലെയും സ്ഥാനാർത്ഥിനിർണയം ഇരുമുന്നണികളിലും അനൗപചാരികമായി ആരംഭിച്ചിട്ടുണ്ട്. ഇതിൽ തന്നെ നഗരസഭയിലെ എട്ടാം വാർഡ് ആയ കൊച്ചടപ്പാടി വാർഡിൽ ഇരുമുന്നണിയുടെയും സ്ഥാനാർത്ഥി ചിത്രവും ഏകദേശം തെളിഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ വനിതാ നേതാവ് ജോസഫ് ഗ്രൂപ്പ് പ്രതിനിധി സിജി ടോണി കൗൺസിലറായ ഈ വാർഡിൽ നിന്ന് അടുത്തവട്ടം ജോസഫ് ഗ്രൂപ്പിന് വേണ്ടി ബാബു മുകാല മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാണി ഗ്രൂപ്പ് യുഡിഎഫിൽ ആയിരുന്നപ്പോൾ ആ പാർട്ടിക്ക് വേണ്ടി ഇപ്പോഴത്തെ കൗൺസിലർ സിജി ടോണിയുടെ ഭർത്താവ് ടോണി തോട്ടം നഗരസഭയിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷങ്ങളിൽ ഒന്ന് നേടി വിജയിച്ച വാർഡാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോണിയുടെയും, സിജിയുടെയും പൂർണ്ണ പിന്തുണയോടെയാണ് യുഡിഎഫിന് വേണ്ടി ബാബു മുകാല കളത്തിലിറങ്ങുന്നത്. കൗൺസിലർ എന്ന നിലയിൽ ടോണിയും, സിജിയും നടത്തിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളും, വാർഡിൻറെ പൊതുവിലുള്ള യുഡിഎഫ് അനുകൂല സ്വഭാവവും, ഭരണവിരുദ്ധതയും കണക്കിലെടുക്കുമ്പോൾ ഇവിടെ യുഡിഎഫിന് അനായാസ വിജയം ഉണ്ടാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ബാബു മുകാലയുടെ പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള സ്വീകാര്യതയും മുതൽക്കൂട്ടാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്.

ഇടതുപാളയത്തിൽ നിന്ന് കവീകുന്ന് വാർഡിലെ കൗൺസിലറായ ജോസ് ചീരാൻകുഴി മത്സരരംഗത്ത് ഇറങ്ങാൻ സാധ്യതയുണ്ടെന്ന് ആദ്യഘട്ടത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം വാർഡിലെ വോട്ടർ തന്നെയായ കേരള കോൺഗ്രസ് നേതാവ് ബെന്നി ഓമ്പള്ളിയായിരിക്കും ഇടതുമുന്നണിക്ക് വേണ്ടി ഇവിടെ മത്സരിക്കാൻ ഇറങ്ങുക. ബെന്നിയുടെ സ്ഥാനാർത്ഥത്തിന് ജോസും പിന്തുണ നൽകിയിട്ടുണ്ട് എന്നാണ് സൂചനകൾ. വാർഡ് പുനർ വിഭജനം തങ്ങൾക്ക് അനുകൂലമാകും എന്ന നിലപാടാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക