ഡ്രൈവറുമായി അടുപ്പമുണ്ടെന്ന പരാതിയില്‍ കെഎസ്‌ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് സംഭവം വലിയ വിവാദമായിരുന്നു. സംഭവം വിവദമായതോടെ കെഎസ്‌ആർടിസി വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ നടപടി പിൻവലിച്ചിരുന്നു. ഇപ്പോഴിതാ, വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്‌ആർടിസി ഇടപെടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കൃത്യനിർവഹണത്തില്‍ വനിതാ കണ്ടക്ടർക്ക് വീഴ്ച്ച സംഭവിച്ചതിനൊപ്പം കെഎസ്‌ആർടിസിയുടെ സസ്പെൻഷൻ ഉത്തരവിലും പിഴവുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വാക്കുകൾ ചുവടെ വായിക്കാം.
”ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റു പറ്റിയെങ്കില്‍ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കാൻ നിർദേശം കൊടുത്തത്. വിഷയത്തില്‍ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്‌ആർടിസി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നതാണ്.
ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്തു നിന്നുണ്ടായി. സസ്‌പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധമാണ്. ആരുടെയും വ്യക്തിപരമായ കാര്യത്തില്‍ ഉത്തരവാദിത്തം കെഎസ്‌ആർടിസിക്ക് ഇല്ല. അതിനാലാണ് ഉത്തരവ് റദ്ദാക്കിയത്” – ഗണേഷ് കുമാർ പറഞ്ഞു.
ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി ഗതാഗത വകുപ്പ് തിരുത്തിയിരുന്നു. കെഎസ്‌ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഷൻ. നടപടി കണ്ടക്ടറെയും കെഎസ്‌ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതി ഉയർന്നിരുന്നു. കെഎസ്‌ആർടിസിയില്‍ ഡ്രൈവറായ തന്റെ ഭർത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്ന് ഒരു യുവതി മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നല്‍കിയിരുന്നു.
മൊബൈലില്‍ പകർത്തിയ വിഡിയോ ദൃശ്യങ്ങള്‍, ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകള്‍ എന്നിവ സഹിതമായിരുന്നു യുവതിയുടെ പരാതി. തുടർന്ന് ചീഫ് ഓഫിസ് വിജിലൻസിന്റെ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കുകയായിരുന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈല്‍ഫോണ്‍ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളില്‍ ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയ വിവരങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.
വനിതാ കണ്ടക്ടറും ഡ്രൈവറും തമ്മില്‍ തമ്മില്‍ അടുപ്പത്തിലാണെന്ന ആരോപണം വിവരിച്ചെഴുതിയാണ് കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയത്. ഇതാണ് വിവാദമായത്. സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ വിമർശനം ശക്തമായതോടെയാണ് ഗതാഗത വകുപ്പ് ഇടപെട്ട് സസ്പെൻഷൻ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നല്‍കിയത്.

















