കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം. മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നാണ് മാണി ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. കേരള കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കായ ക്രൈസ്തവ സഭകള്‍ നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണ് പാര്‍ട്ടി മുന്നോട്ടു വച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണെന്ന സഭകളുടെ വാദം മറ്റൊരു വിധത്തില്‍ ജോസ് കെ മാണി ഉന്നയിക്കുകയാണ്. ഇടതുമുന്നണി വിടുന്നില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിക്കുമ്ബോഴും കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദത്തെ കണ്ടില്ലെന്ന് നടിക്കാന്‍ അദ്ദേഹത്തിനാവില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജോസിന്റെ പാര്‍ട്ടിക്കേറ്റ തിരിച്ചടിയും നിലമ്ബൂരിലെ യുഡിഎഫ് വിജയവുമെല്ലാം അണികളെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളാണ്.
2024 ഫെബ്രുവരിയില്‍ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. പിന്നെന്തിനാണ് വീണ്ടുമൊരു നിയമ സമ്മേളനമെന്നാണ് സിപിഎം നേതാക്കള്‍ പറയാതെ പറയുന്നത്.മുന്നണി വിടാന്‍ മാണി ഗ്രൂപ്പ് കാരണം തേടുകയാണോ എന്നൊരു സംശയം സിപിഎം നേതൃത്വത്തിനുണ്ട്. പാല, കോതമംഗലം, തലശ്ശേരി, താമരശ്ശേരി രൂപതാ ബിഷപ്പുമാര്‍ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചതും ജോസ് കെ മാണിയെ അസ്വസ്ഥമാക്കുന്നുണ്ട്. നിലമ്ബൂരിലെ ക്രൈസ്തവ വോട്ടര്‍മാര്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ തിരിഞ്ഞതും മുന്നറിയിപ്പായാണ് ജോസിനോട് അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
വന്യ ജീവി ആക്രമണങ്ങള്‍ രൂക്ഷമായ 435 പഞ്ചായത്തുകളിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. അവരുടെ താല്പര്യങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്ന ഭയം പാലായിലെ കര്‍ഷക പാര്‍ട്ടിയെ അലട്ടുന്നുണ്ട്. നിയമസഭ വിളിച്ചു കൂട്ടി നിയമനിര്‍മ്മാണം നടത്തുന്നില്ലെങ്കില്‍ ആ കാരണം പറഞ്ഞ് ജോസും കൂട്ടരും പുറത്തേക്ക് വരും എന്ന പ്രതീക്ഷ യുഡിഎഫിനുമുണ്ട്. ജോസിന്റെ പുതിയ ആവശ്യത്തിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന സംശയം സിപിഎമ്മിനുണ്ട്.

















