പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാലാക്കാർ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം പാലാക്കാരല്ല, ഒപ്പം ജൂനിയർ ആർട്ടിസ്റ്റുകളും ഉണ്ട്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്ബൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇപ്പോള്‍ പാലാ ജൂബിലി മാതൃകയില്‍ ആഘോഷം നടത്തുന്നത്. പാലാക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കുരിശുപള്ളി ജംഗ്‌ഷനിലാണ്.സിനിമയുടെ പ്രധാന ഭാഗമാണ് പാലാ ജൂബിലി പെരുന്നാള്‍. നായകൻ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്ഥലത്തുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ ജനക്കൂട്ടത്തിനൊപ്പം പ്രദക്ഷിണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന സീനുകളാണ് കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്‌തത്. ഫൈറ്റ് സീനും ഒരു പാട്ടും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറില്‍ നടക്കുന്ന യഥാർത്ഥ ജൂബിലിയെ അതേപടി പകർത്തുകയാണിവിടെ.

രാത്രി ഒമ്ബത് മണിക്ക് ആരംഭിക്കുന്ന ഷൂട്ടിംഗ് പുലർച്ചെ അഞ്ച് വരെ നീളും. ജൂബിലി യഥാർത്ഥമായി തോന്നാൻ ഷൂട്ടിംഗ് നടക്കുന്ന ഭാഗത്തെ കടകളെല്ലാം വെളുപ്പിന് അഞ്ച് മണിവരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടും.ജൂബിലിയില്‍ മാതാവിന്റെ പ്രദക്ഷിണം രണ്ട് ദിവസമാണ്. എന്നാല്‍, സിനിമയില്‍ പത്ത് ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്.

കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണ് പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി ഒമ്ബതിന് ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാർ ഉള്‍പ്പെടെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഗുരുവായൂരില്‍ നിന്നുള്‍പ്പെടെയാണ് വഴിയോരക്കച്ചവടക്കാരെ എത്തിച്ചിരിക്കുന്നത്. പത്ത് ദിവസത്തേക്ക് 80,000 രൂപ വരെ ഇവർക്ക് വാടക നല്‍കുന്നുണ്ട്. കൂടാതെ താമസവും ഒരുക്കി നല്‍കും. മുത്തുക്കുടകളും കുരിശും മാതാവിന്റെ രൂപവുമെല്ലാം പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

പാലാ ടൗൺ സമ്പത്ത് വ്യവസ്ഥയ്ക്ക് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നൽകുന്ന ഊർജ്ജം ചെറുതല്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ നല്ല കച്ചവടം ഇതുമൂലം ലഭിക്കുന്നുണ്ട്. നിരവധി പാലാക്കാർക്ക് സിനിമയിൽ തല കാണിക്കാൻ അവസരം എന്നതിനപ്പുറം നിരവധി ചെറുകിട വ്യാപാരികൾക്കും തൊഴിലാളികൾക്കും അപ്രതീക്ഷിതമായി ഒരു പെരുന്നാൾ കച്ചവടം പോലെ ഉണർവ്വ് നൽകുന്നതാണ് സുരേഷ് ഗോപി ചിത്രത്തിന്റെ തുടർച്ചയായ ഷൂട്ടിംഗ്. ടൗണിൽ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് ടൗൺ ഭാഗത്തുള്ള കച്ചവടക്കാരാണ് കോളടിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 28ന് തുടങ്ങിയ ഷൂട്ടിംഗ് ഈ മാസം ഒമ്ബതിനാണ് അവസാനിക്കുക. ചങ്ങനാശേരിക്കാരനായ മാത്യു തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിന്റെ സംവിധായകൻ. മാത്യുവിന്റെ ആദ്യ ചിത്രമാണിത്. ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്റണി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്ഥലത്തെത്തുന്നുണ്ട്. ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക