എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂണ്‍ 27) അവധി. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നാളെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഴ വരുന്ന രണ്ട് ദിവസങ്ങളില്‍ കൂടി ശക്തമായി പെയ്യുമെന്നാണ് റവന്യൂ മന്ത്രി ഇന്ന് അറിയിച്ചത്. ഇന്നും നാളെയും മറ്റന്നാളും അതിതീവ്ര മഴയുണ്ടാകുമെന്ന് മഴക്കെടുതി പ്രതിരോധ മുന്നൊരുക്ക യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
ഈ മാസം 29 മുതല്‍ മഴ കുറയും. 30 മുതല്‍ ജൂലൈ 2 വരെ മഴയുടെ അളവ് കുറയും. ജൂലൈ മൂന്നാം തീയതി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടും. ജൂലൈ പത്താം തീയതി മുതല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാക്കാനുള്ള കാരണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

















