നിലമ്ബൂര്‍ ഉപതിരഞ്ഞടുപ്പില്‍ ബിജെപി പ്രചാരണം മന്ദഗതിയില്‍. ആദ്യഘട്ടത്തിലെ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി ഇറക്കിയെങ്കിലും അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല എന്നാണ് മണ്ഡലത്തിലെ പൊതുവികാരം.ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാത്ത വ്യക്തിയാണ് സ്ഥാനാര്‍ത്ഥി എന്നതും പ്രചരണത്തെ ബാധിക്കുന്നുണ്ട്.
മണ്ഡലത്തിലെ 13 ശതമാനത്തോളം ഉള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ സിറോ മലബാര്‍ കത്തോലിക്കാ വിഭാഗത്തിനാണ് മുന്‍തൂക്കം. തൊട്ടു പിന്നില്‍ മാര്‍ത്തോമ്മ സഭയുണ്ട് . മോഹന്‍ ജോര്‍ജ് മാര്‍ത്തോമ്മ സഭാംഗം ആണെങ്കിലും അവര്‍ക്കിടയില്‍ കാര്യമായ ചലനമുണ്ടാക്കാൻ കഴിയാത്തത് ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥി ആകുന്നതിന് തലേദിവസം വരെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനിന്നയാള്‍ ഒരു സുപ്രഭാതത്തില്‍ ബിജെപിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യമാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. മോഹന്‍ ജോര്‍ജ് മാര്‍ത്തോമ്മ സഭയുടെ പ്രതിനിധി മണ്ഡലത്തിലേക്ക് മത്സരിച്ചപ്പോള്‍ സ്വന്തം ഇടവകയില്‍ നിന്ന് കേവലം 12 വോട്ട് മാത്രമാണ് ലഭിച്ചത്. അദ്ദേഹത്തിന് സഭാ വിശ്വാസികളുടെ ഇടയിലെ സ്വാധീനം എത്രയെന്ന് വെളിവാക്കുന്നതാണ് ഇതെന്ന പ്രചരണവും നടക്കുന്നുണ്ട്.
നിലമ്ബൂര്‍ മണ്ഡലത്തിലെ കുടിയേറ്റ ക്രൈസ്തവരില്‍ 75 ശതമാനം പേരും യുഡിഎഫ് അനുഭാവികളാണ് എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ടി കെ അശോക് കുമാറിന് 8500 വോട്ടാണ് ലഭിച്ചത്. പോള്‍ ചെയ്ത വോട്ടിൻ്റെ 4.96 ശതമാനം മാത്രം. കുറഞ്ഞപക്ഷം ഈ വോട്ട് എങ്കിലും നിലനിര്‍ത്താനാവുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് നാണംകെട്ട തോല്‍വി സംഭവിച്ചാല്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന ഭയവും നേതൃത്വത്തെ അലട്ടുന്നുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥി മലയോര ജനതയുടെ പ്രതിനിധിയാണ് എന്നുള്ള വാദവും മണ്ഡലത്തില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടില്ല. വിജയം ഉറപ്പില്ലെങ്കിലും പാര്‍ട്ടിയുടെ വോട്ട് ശതമാനം കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബിജെപി നേതൃത്വം. സംഘപരിവാറുമായി ആഭിമുഖ്യമുള്ള കാസ പോലുള്ള സംഘടനകളും രംഗത്തുണ്ട്. ഇതിനെ നേരിടാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവ വേട്ടകളുടെ വാര്‍ത്തകളും ദൃശ്യങ്ങളും യുഡിഎഫ് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.
ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ വന്നു പോകുന്നുണ്ടെങ്കിലും പ്രചരണ രംഗത്ത് കാര്യമായ ഒരു മുന്നേറ്റവും സൃഷ്ടിക്കാനായിട്ടില്ല. മണ്ഡലത്തില്‍ അങ്ങുമിങ്ങും കൊടിതോരണങ്ങളും ഫ്‌ളക്‌സും കാണാനുണ്ടെങ്കിലും യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികളുമായി താരതമ്യം ചെയ്യുമ്ബോള്‍ കാതങ്ങള്‍ അകലെയാണ് ബിജെപി.

















