ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും തീരുമാനങ്ങള്‍ സുപ്രധാനമാണ്; വരുംവരായ്കകള്‍ ഉണ്ടാവും. പക്ഷേ, പുരോഗതി വേണമെങ്കില്‍ റിസ്ക് എടുക്കുക തന്നെവേണം. നിലമ്ബൂരില്‍ കോണ്‍ഗ്രസ് അതാണ് ചെയ്തത്. പി.വി. അൻവർ കൈവിട്ട കളി കളിച്ചപ്പോള്‍ ഒരു വര വരച്ചു. ആ വരയ്ക്കുള്ളില്‍ നില്‍ക്കുന്നില്ലെങ്കില്‍ അൻവറില്ലാതെ മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചു.
കെപിസിസി നേതൃത്വത്തിലെ അഴിച്ചുപണിയും സമാന്തരമായി നടന്നു. സുധാകരന് പകരം സണ്ണി ജോസഫ് വന്നു. ഷാഫിയും വിഷ്ണുനാഥും അനില്‍കുമാറും വർക്കിങ് പ്രസിഡന്റുമാരായി. വെള്ളിവെളിച്ചത്തില്‍ നില്‍ക്കാതെയും പ്രവർത്തിക്കാനറിയുന്ന അടൂർ പ്രകാശ് യുഡിഎഫ് കണ്‍വീനറായി. ഈ തീരുമാനങ്ങളത്രയും കോണ്‍ഗ്രസും യുഡിഎഫും ഒരു മുറുമുറുപ്പില്ലാതെ അംഗീകരിച്ചു എന്നതും കാണാതിരിക്കരുത്.
ആര്യാടൻ ഷൗക്കത്തിനോടുള്ള സൗന്ദര്യപ്പിണക്കം മുസ്ലിംലീഗ് മാറ്റിവെച്ചു. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിലമ്ബൂരിന്റെ മണ്ണിലേക്കിറങ്ങി. അതിന്റെ ഫലമാണ് തിങ്കളാഴ്ച കേരളം കണ്ടത്. അൻവർ കൂടെയുണ്ടായിരുന്നെങ്കില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു. പക്ഷേ, നിലപാടെടുക്കേണ്ടിടത്ത് നിലപാടെടുത്തു എന്നതും ആ നിലപാടിന്റെ പുറത്ത് വിജയിക്കാനുമായി എന്നതുമാണ് യുഡിഎഫിന്റെ വിജയത്തിന് തിളക്കമേറ്റുന്നത്. മുസ്ലിം സമുദായത്തില്‍നിന്നുള്ള വോട്ടുകള്‍ യുഡിഎഫില്‍ ഉറപ്പിക്കുന്നതിന് ലീഗ് നടത്തിയ പ്രവർത്തനം ഗംഭീരമായിരുന്നു.
മലയോര മേഖലയിലെ വോട്ടുകളില്‍ ഒരു വിഹിതം പിടിക്കാനായതാണ് അൻവറിന് തുണയായത്. വന്യജീവി സംഘർഷത്തില്‍ അൻവർ എടുത്ത നിലപാടിനുള്ള വോട്ടുകളാണത്. അതേസമയം, കഴിഞ്ഞ തവണ അൻവർ കൊണ്ടുവന്ന മുസ്ലിം വോട്ടുകള്‍ ഇത്തവണ ഇടത് മുന്നണിയിലേക്ക് വന്നില്ലെന്ന് വേണം കരുതാൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗിനെതിരെ സിപിഎം നടത്തിയ പടപ്പുറപ്പാടിനോടുളള പ്രതികരണം കൂടിയാണ് നിലമ്ബൂരില്‍ ഉണ്ടായത്. ആർഎസ്‌എസ്സുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ഇതിനാക്കം കൂട്ടുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന യുഡിഎഫ് നിലപാടും ഇതോട് ചേർത്ത് വായിക്കണം.
സ്വരാജിനെപ്പോലൊരു സ്ഥാനാർത്ഥിയെ കളത്തിലിറക്കിയിട്ടും പരാജയപ്പെടുമ്ബോള്‍ സിപിഎമ്മിന് രാഷ്ട്രീയ സമവാക്യങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും. ശക്തമായ നിലപാടുകള്‍ക്ക് പിന്നില്‍ അണിനിരക്കാൻ കേരള ജനത ഒരിക്കലും മടിച്ചിട്ടില്ല. വർഗ്ഗീയതയുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല എന്ന സമീപനത്തിലാണ് 1987-ല്‍ സിപിഎമ്മും ഇടതുമുന്നണിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. 2006-ല്‍ വി.എസ്. അച്യുതാനന്ദന് അനുകൂലമായ തരംഗത്തിന് പിന്നിലും നിലപാടുകളോടുള്ള ആഭിമുഖ്യം തന്നെയായിരുന്നു. എ.കെ. ആന്റണിയും വി.എം. സുധീരനും നിലപാടുകള്‍ കൊണ്ടാണ് അപ്രസക്തരാവാതെ നിന്നത്.
രാഷ്ട്രീയ കേരളത്തില്‍ വി.ഡി. സതീശന്റെ ഗ്രാഫ് കുത്തനെ ഉയർന്നുകഴിഞ്ഞു. അടുത്തകൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള തരൂരിന്റെ മനക്കോട്ട ഇതോടെ ഇടിയുകയും ചെയ്തു. അതേസമയം മറുവശത്ത് പൊതു മണ്ഡലത്തില്‍ പ്രതിച്ഛായാ പ്രതിസന്ധി നേരിടുമ്ബോഴും പാർട്ടിക്കുള്ളില്‍ പിണറായിയുടെ നേതൃത്വത്തിന് ഒരിളക്കവുമില്ല എന്നതാണ് വസ്തുത. സാഹചര്യം മനസ്സിലാക്കാതെയുള്ള എം.വി. ഗോവിന്ദന്റെ ‘സത്യം പറച്ചിലുകളും’ പിണറായിയുടെ നേതൃത്വം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു. പിണറായി വിജയനല്ലാതെ ഒരു സ്റ്റാർ കാമ്ബയ്നറും ഇത്തവണ സിപിഎമ്മിന് നിലമ്ബൂരിലുണ്ടായില്ല.
അൻവറിന്റെ ഗ്രാഫും നിലമ്ബൂരില്‍ മുകളില്‍ തന്നെയാണ്. മണ്ടത്തരത്തിന് മണ്ടത്തരം, പിണറായിയെയും സതീശനെയും ഒരുപോലെ വെറുപ്പിക്കല്‍, എല്ലാറ്റിനും മകുടം ചാർത്താനെന്ന പോലെ രാജിയും- എന്നിട്ടും ഇത്രയും വോട്ട് അൻവർ പിടിച്ചെങ്കില്‍ അത് മണ്ഡലത്തിലെ ജനങ്ങളുമായുള്ള അടുപ്പം ഒന്നുകൊണ്ടുമാത്രമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ സിപിഎമ്മിന്റെ റിയാസിനെതിരെ അൻവറിനെ കളത്തിലിറക്കാൻ കോണ്‍ഗ്രസ് ആലോചിച്ചേക്കും. അങ്ങനെവന്നാല്‍ 2026-ലെ തീപാറുന്ന പോരാട്ടം ബേപ്പൂരിലായിരിക്കും.

















