കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ( ED) ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനില്‍ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് അറസ്റ്റ്. ധെങ്കനാലില്‍ ഖനന ബിസിനസ് നടത്തുന്ന വ്യവസായി രതികാന്ത റൗട്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത ഇഡി കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തതിന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം.

കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാന്‍ പോകുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സിബിഐ കെണി ഒരുക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഭുവനേശ്വറിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ രതികാന്ത റൗട്ടിനെ വിളിപ്പിച്ചിരുന്നു. ഈ സമയത്ത് കേസില്‍ നിന്ന് ഒഴിവായി കിട്ടാന്‍ രഘുവംശി തന്റെ ചേംബറിലേയ്ക്ക് വ്യവസായിയെ വിളിപ്പിക്കുകയും ഭാഗ്തി എന്ന വ്യക്തിയെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഭാഗ്തി എന്നയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നും രഘുവംശിക്ക് പണം നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെയ് 27ന് ഭാഗ്തി വ്യവസായിയെ കാണുകയും ആശുപത്രി ജപ്തി ചെയ്യാതിരിക്കാനും അറസ്റ്റ് ചെയ്യാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കുന്നതിനും 5 കോടി രൂപ ആവശ്യപ്പെട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇത്രയും വലിയ തുക സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ 2 കോടി രൂപയായി കുറയ്ക്കാമെന്ന് പറഞ്ഞു. 2013 ബാച്ച്‌ കസ്റ്റംസ് ആന്റ് ഇന്‍ഡയറക്‌ട് ടാക്‌സസിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക