നാല്പതുകാരിയുടെ പരാതിയില്‍ ഇരുപത്തിമൂന്നുകാരനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച്‌ നടത്തിയ പരാമർശങ്ങളിലാണ് പൊലീസിനെ വിമർശിച്ചത്. കേസില്‍ വാദം കേട്ട കോടതി, പ്രതി ഒൻപത് മാസമായി ജയിലില്‍ കഴിയുകയാണെന്നും ഒരു കുറ്റവും ചുമത്താൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും പറഞ്ഞു.

രണ്ടു കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂവെന്നും പരാതിക്കാരി കൊച്ചുകുട്ടിയല്ലെന്നും 40 വയസ്സുള്ള മുതിർന്ന സ്ത്രീയാണെന്നും കോടതി പറഞ്ഞു. ദില്ലി ഹൈക്കോടതി ജാമ്യഹർജി തള്ളിയതോടെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ‍ദില്ലി പൊലീസ് ഐപിസി സെക്ഷൻ 376 പ്രകാരം പ്രതിക്കെതിരെ കേസെടുത്തതെന്ന് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”പരാതിക്കാരിയും പ്രതിയും ഏഴ് തവണ ജമ്മുവിലേക്ക് യാത്ര പോയിട്ടുണ്ട്. സ്ത്രീ സ്വമേധയായാണ് യുവാവിനൊപ്പം പോയത്. അതില്‍ അവരുടെ ഭർത്താവിന് പ്രശ്നമില്ല. പിന്നെന്തിനാണ് ബലാത്സംഗക്കുറ്റം ചുമത്തിയത്”- ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.

നാല്‍പ്പതുകാരിയുെട പരാതിയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവാവിനെതിരെ ദില്ലി പൊലീസ് ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഏഴുമാസമായി പ്രതി ജയിലിലാണ്. യുവാവുമായി സ്വന്തം വസ്ത്രബ്രാൻഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടതോടെയാണ് ഇരുവരും അടുപ്പത്തിലായത്. പരസ്യത്തിനായി പ്രതി ജമ്മുവിലെ ആപ്പിള്‍ സ്റ്റോർ വഴി ഐഫോണ്‍ ആവശ്യപ്പെട്ടു. തുടർന്ന് യുവതി ഐഫോണ്‍ നല്‍കി. എന്നാല്‍, പ്രതി ഫോണ്‍ വില്‍ക്കാൻ ശ്രമിച്ചതോടെ ബന്ധം വഷളായി.

വില്‍പ്പനക്കാരൻ സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം തിരികെ നല്‍കി. എന്നാല്‍ 20,000 രൂപ കുറച്ചതിനുശേഷമാണ് പണം നല്‍കിയത്. 2021 ഡിസംബറില്‍, 20,000 രൂപ തിരികെ നല്‍കാനും ക്ഷമ ചോദിക്കാനും പ്രതി നോയിഡയിലെ സ്ത്രീയുടെ വീട്ടില്‍ പോയി. തുടർന്ന് കൊണാട്ട് പ്ലേസിലെ ഒരു ബ്രാൻഡ് ഷൂട്ടിനായി യാത്ര ചെയ്യാൻ നിർബന്ധിച്ചു. യാത്രയ്ക്കിടെ, പ്രതി ലഹരി ചേർത്ത മധുരപലഹാരങ്ങള്‍ നല്‍കിയതായും ബോധം നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുനല്‍കിയതിന് ശേഷം, ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പേഴ്സില്‍ നിന്ന് പണം മോഷ്ടിക്കുകയും അവളുടെ നഗ്ന ചിത്രങ്ങള്‍ പകർത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. അതിന് ശേഷം ഭീഷണിപ്പെടുത്തി ജമ്മുവിലേക്ക് പോകാൻ സ്ത്രീയെ നിർബന്ധിച്ചു. അവിടെ രണ്ടര വർഷക്കാലം തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നും പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക