പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ പ്രകാരം കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിക്ക് ഇന്ന് അറുപതാം പിറന്നാൾ ആണ്. അതായത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാൻ ഇന്ന് ഷഷ്ടിപൂർത്തിയുടെ നിറവിലാണ്. 1965 മെയ് 29 ആം തീയതിയാണ് ജോസ് കെ മാണിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്.

കെഎം മാണിയുടെ ആറു മക്കളിൽ ഏറ്റവും ഇളയവൻ ആണ് ജോസ് കെ മാണി. അഞ്ചു സഹോദരിമാർക്ക് പിന്നാലെ ഉണ്ടായ മാണിയുടെ ഏക ആൺതരി. അതുകൊണ്ട് മാത്രമാണ് മാണിയുടെ പിൻഗാമിയായി ജോസ് രാഷ്ട്രീയത്തിൽ എത്തിയതും ഇന്നു കാണുന്ന ഉയരങ്ങൾ കീഴടക്കിയതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടിയുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ ഒന്നും സജീവമാകാതെ പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ജോഷ് 2003ൽ നേരിട്ട് യൂത്ത് ഫ്രണ്ട് മാണി ഗ്രൂപ്പ് സംസ്ഥാന അധ്യക്ഷൻ ആവുകയായിരുന്നു. തുടർന്ന് മാസങ്ങൾക്കകം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുവാനും അവസരം ലഭിച്ചു.

ആദ്യ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം

തന്റെ കന്നി രാഷ്ട്രീയ പോരാട്ടത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങാൻ ആയിരുന്നു ജോസ് കെ മാണിയുടെ വിധി. ജോസിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കെഎം മാണിയോട് ഇടഞ്ഞ് പാർട്ടി വിട്ട അന്നത്തെ മൂവാറ്റുപുഴ എംപിയും പിടി ചാക്കോയുടെ മകനുമായ പിസി തോമസ് എൻഡിഎ സ്ഥാനാർത്ഥിയായി വിജയിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥിയായ ഇസ്മയിലിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു ജോസ് കെ മാണി.

കന്നി വിജയം കോട്ടയത്തു നിന്ന്

2009 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടന്നിരുന്നു. പുനർനിർണയത്തിനുശേഷം കേരള കോൺഗ്രസ് പരമ്പരാഗതമായി മത്സരിച്ചു വന്നിരുന്ന മൂവാറ്റുപുഴ പാർലമെൻറ് മണ്ഡലം ഇല്ലാതായി. ഇതിന് പകരമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് അനുവദിച്ച കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നിന്ന് മണി ഗ്രൂപ്പിൻറെ പ്രതിനിധിയായി ജോസ് കെ മാണി വീണ്ടും മത്സരിക്കാൻ ഇറങ്ങി. മണ്ഡല പുനർനിർണയത്തോടെ നേരത്തെ മൂവാറ്റുപുഴയുടെ ഭാഗമായിരുന്ന കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ കടുത്തുരുത്തിയും പാലായും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

2009ലെ പൊതു തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ മുഖ്യ എതിരാളിയായിരുന്നു 1998 മുതൽ 3 വട്ടം തുടർച്ചയായി വിജയിച്ച കോട്ടയത്തിന്റെ എംപിയായ സുരേഷ് കുറപ്പ് ആയിരുന്നു. 70,000 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുറുപ്പിനെ പരാജയപ്പെടുത്തി ജോസ് ആദ്യമായി എംപി ആയത്. പിന്നീട് 2014 നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ തിരുവല്ല എംഎൽഎ മാത്യു ടി തോമസിനെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജോസ് രണ്ടാം വട്ടവും കോട്ടയം എംപിയായി.

രാജ്യസഭയിലേക്ക് ചുവട്മാറ്റം

ബാർകോഴ അഴിമതിയുടെ പശ്ചാത്തലത്തിൽ യുഡിഎഫുമായി അകലം പാലിക്കാൻ തീരുമാനിച്ച മാണി ഗ്രൂപ്പ് 2016ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് മുന്നണിയിൽ നിന്ന് മാറി നിന്നിരുന്നു. ഇതിനിടയിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ ഭരണ മാറ്റത്തിന് ചുക്കാൻ പിടിച്ചത് മാണി ഗ്രൂപ്പിന് വേണ്ടി ജോസ് കെ മാണിയായിരുന്നു. അതിനാൽ തന്നെ കോൺഗ്രസ് കേരള കോൺഗ്രസ് അണികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത യുഡിഎഫിലേക്ക് തിരികെ വരുമ്പോൾ ജോസ് കെ മാണിയെ ആശങ്കപ്പെടുത്തിയിരുന്നു എന്നതാണ് യാഥാർത്ഥ്യം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫുമായി ഉണ്ടാക്കിയ ഡീൽ പ്രകാരം കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് മേടിച്ചു കൊണ്ടാണ് 2018 ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് കെഎം മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് യുഡിഎഫിലേക്ക് മടങ്ങിയത്. 2019ൽ കോട്ടയത്ത് നിന്ന് വീണ്ടും പാർലമെൻറിലേക്ക് മത്സരിച്ച കോൺഗ്രസ് കാലു വാരുവുമോ എന്ന ഭയത്തെ തുടർന്ന് ആവണം ജോസ് കെ മാണി ലോക്സഭയിൽ ഒരു വർഷം കാലാവധി ബാക്കിയിരിക്കെ ആ പദവി ഉപേക്ഷിച്ചുകൊണ്ട് രാജ്യസഭയിൽ എംപി ആകുവാൻ തീരുമാനമെടുത്തു.

രാജ്യസഭ ഉപേക്ഷിച്ച് നിയമസഭാ മത്സരം

പിന്നീട് 2020ൽ കെഎം മാണിയുടെ മരണശേഷം രാജ്യസഭയിൽ നാലുവർഷം കാലാവധി ബാക്കിയിരിക്കെ ജോസിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതും ജോഷ്കമാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചതും. ജോസ് കെ മാണിയുടെ ഇടത് പ്രവേശത്തോടെ ഇടതുമുന്നണി പാലാ നിയോജകമണ്ഡലം അവർക്ക് വിട്ടുകൊടുക്കുവാൻ തീരുമാനമെടുത്തു. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ച എംഎൽഎ ആയ മാണിസി കാപ്പൻ എൽഡിഎഫിന്റെ ഈ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് യുഡിഎഫിൽ ചേർക്കുകയും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു.

മാണിസി കാപ്പനും ജോസ് കെ മാണിയും തമ്മിൽ 2021ൽ വാശിയേറിയ പോരാട്ടമാണ് പാലായിൽ നടന്നത്. ജോസ് കെ മാണി കൂടി ഇടതുപക്ഷക്കെത്തിയതോടെ പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ 13 തദ്ദേശസ്ഥാപനങ്ങളിൽ ഏഴിടത്തും എൽഡിഎഫ് ഭരണമാണ് അപ്പോൾ ഉണ്ടായിരുന്നത്. എങ്കിലും ഫലപ്രഖ്യാപനം വന്നപ്പോൾ 13 തദ്ദേശസ്ഥാപനങ്ങളിൽ 12ലും ആധികാരികമായ ജനവിധി നേടി 15,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പൻ ജോസിനെ പരാജയപ്പെടുത്തിയത്. അങ്ങനെ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കെഎം മാണിയുടെ മരണശേഷം കേരള കോൺഗ്രസിന് അരനൂറ്റാണ്ട് കാലം അവരുടെ കുത്തകയായിരുന്ന പാലാ നിയോജകമണ്ഡലംം രണ്ടാം വട്ടവും കൈവിട്ടു പോയി.

തിരികെ രാജ്യസഭയിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ വിജയം ഉണ്ടായെങ്കിലും ജോസ് കെ മാണിയുടെ പരാജയം കേരള കോൺഗ്രസിന് കനത്ത ആഘാതമായിരുന്നു. ജോസിന്റെ പരാജയത്തോടെ റോഷി അഗസ്റ്റിൻ പിണറായി വിജയൻ മന്ത്രിസഭയിൽ മന്ത്രിയാകുകയും ചെയ്തു. ഇതോടെ പാതിവഴിയിൽ ഉപേക്ഷിച്ച രാജ്യസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് കെ മാണി തന്നെ മത്സരിക്കുകയും വീണ്ടും രാജ്യസഭ എംപി ആകുകയും ചെയ്തു. പിന്നീട് 2024 കാലാവധി അവസാനിച്ചപ്പോൾ ഇടതുമുന്നണി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് ജോസ് കെ മാണിയെ വീണ്ടും എംപി ആക്കുകയായിരുന്നു.

രാജ്യസഭ ഉപേക്ഷിച്ച് വീണ്ടും മത്സരത്തിനിറങ്ങാൻ തയ്യാറെടുപ്പ്?

കേരള കോൺഗ്രസ് നേതാക്കളെ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയിട്ടാണ് എപ്പോഴും ചരിത്രം വിലയിരുത്തിയിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ വീണ്ടും ഒരിക്കൽ കൂടി രാജ്യസഭ ഉപേക്ഷിച്ച് പാലാ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരത്തിനിറങ്ങുവാൻ ജോസ് കെ മാണി തയ്യാറെടുക്കുന്നു എന്ന സൂചനകൾ ആണ് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്നത്. 2030 വരെ കാലാവധിയുള്ള രാജ്യസഭ സീറ്റ് ഉപേക്ഷിച്ച് വീണ്ടും നിയമസഭയിലേക്ക് മാണി സി കാപ്പനോട് മത്സരിക്കുവാൻ ജോസ് കെ മാണി തയ്യാറാകുമോ, നിയമസഭയിൽ പരാജയപ്പെട്ടാൽ വീണ്ടും രാജ്യസഭയിലെത്തുവാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് രാഷ്ട്രീയങ്ങളിൽ കേരള കോൺഗ്രസ് എം ചെയർമാനുമായി ബന്ധപ്പെട്ട ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക